വീസ പ്രശ്നം പരിഹരിക്കാൻ വിഡിയോ കോൾ ; സേവനം പ്രയോജനപ്പെടുത്തി രണ്ടര ലക്ഷം പേർ
March 15, 2023

ദുബയിൽ താമസക്കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ ദുബായ്) ഏർപ്പെടുത്തിയ വിഡിയോ കോൾ സേവനം 2 മാസംകൊണ്ട് പ്രയോജനപ്പെടുത്തിയത് രണ്ടര ലക്ഷം പേർ. വീസ അപേക്ഷയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും രേഖകൾ സമർപ്പിക്കുന്നതിനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വിഡിയോ കോളിലൂടെ ഉദ്യോഗസ്ഥരുമായി ആശയവിനിയമം നടത്താനുള്ള സൗകര്യത്തിനാണ് വൻ പ്രചാരം ലഭിച്ചത്.ഇതിനായി താമസ കുടിയേറ്റ വകുപ്പിന്റെ ഓഫിസ് സന്ദർശിക്കുന്നത് ഒഴിവാക്കാം.ഗോൾഡൻ വീസ, എൻട്രി പെർമിറ്റ്, വീസ പുതുക്കൽ, പാസ്പോർട്ട് പുതുക്കൽ, നിയമോപദേശം, നഷ്ടപരിഹാരം ആവശ്യപ്പെടൽ തുടങ്ങി താമസ കുടിയേറ്റ വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങളുടെ പുരോഗതി അറിയാനും തടസ്സം നീക്കാനും ഇതുവഴി സാധിക്കും.നൂതന സാങ്കേതി വിദ്യ ഉപയോഗിച്ച് ദുബായ് തുടങ്ങിയ ഈ സേവനം തൽക്കാലം ദുബായ് വീസക്കാർക്കു മാത്രമേ ലഭിക്കൂ. ഫ്രണ്ട് ക്യാമറയുള്ള സ്മാർട് ഫോണിൽ അപേക്ഷകൻ ജിഡിആർഎഫ്എയിലേക്കു വിഡിയോ കോൾ വിളിച്ചാണ് നടപടികൾ പൂർത്തിയാക്കേണ്ടത്. താമസക്കുടിയേറ്റ വകുപ്പിന്റെ വെബ്സൈറ്റ്, ആപ്പ് മുഖേനയും സേവനം ലഭിക്കും.വിഡിയോ കോൾ വഴി സംസാരിക്കുമ്പോൾ ആവശ്യമായ രേഖകൾ ചാറ്റ് ബോക്സ് വഴി അയയ്ക്കാം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അപ്പോൾ തന്നെ രേഖകൾ പരിശോധിച്ച് അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യുന്നതോടെ നടപടി പൂർത്തിയാക്കാം.
No Comments
Leave a Comment