യു.എ.ഇ; വിദ്യാലയങ്ങളിൽ വസന്തകാല അവധി തുടരുന്നു
March 21, 2023

ഏഷ്യൻ പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളിൽ വസന്തകാല അവധിക്ക് ശേഷം ഏപ്രിൽ 10ന് പുതിയ അധ്യയനവർഷം തുടങ്ങും . ചില വിദ്യാലയങ്ങൾ അടച്ചെങ്കിലും വാർഷിക പരീക്ഷകൾ കഴിയുന്നതോടെ മറ്റ് വിദ്യാലയങ്ങളിലും അവധി തുടങ്ങും. വിവിധ വിദ്യാലയങ്ങളിൽ വ്യത്യസ്ത ക്ലാസുകളിലെ പരീക്ഷകൾ കഴിയുന്നതോടെയാണ് വിദ്യാർഥികൾക്ക് അവധി തുടങ്ങുന്നത്.ഏഷ്യൻ പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളുടെ അധ്യയന വർഷം പൂർത്തിയാകുന്ന ഘട്ടമാണ് ഇത്. ദുബൈ കെ.എച്ച്.ടി.എക്ക് കീഴിലുള്ള വിദ്യാലയങ്ങൾ മൂന്നാഴ്ചത്തെ അവധിക്ക് ശേഷം ഏപ്രിൽ മൂന്നിന് തുറക്കും. അബൂദബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പിന് (അഡെക്) കീഴിലെ ഏഷ്യൻ വിദ്യാലയങ്ങളിൽ ഏപ്രിൽ 10നാണ് പുതിയ അധ്യയനവർഷം തുടങ്ങുന്നത്. ഫീസ് വർധനവോടെയായിരിക്കും പുതിയ അധ്യയന വർഷം തുടങ്ങുന്നത്.അബൂദബിയിലെ സർക്കാർ സ്കൂളുകളിലും ഏഷ്യൻ ഇതര പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ വിദ്യാലയങ്ങളിലും മാർച്ച് 25 മുതലാണ് വസന്തകാല അവധി ആരംഭിക്കുക. രണ്ടാം പാദ പരീക്ഷകൾക്ക് ശേഷം മാർച്ച് 24 ഓടെ വിദ്യാലയങ്ങൾ വസന്തകാല അവധിക്കായി അടക്കും. ഈ വിദ്യാലയങ്ങൾ വസന്തകാല അവധിക്ക് ശേഷം ഏപ്രിൽ 17 ന് തുറന്ന് പ്രവർത്തനം ആരംഭിക്കും. ഈ അവധിക്കാലത്താണ് റമദാൻ ആഗതമാകുന്നത്.റമദാനിൽ ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങൾ രണ്ട് ആഴ്ചയും സർക്കാർ വിദ്യാലയങ്ങളിലും ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിലും ഒരാഴ്ചയും മാത്രമാണ് പ്രവൃത്തിദിനമായി ഉണ്ടാവുക. റമദാനിൽ രാവിലെ ഒമ്പതു മുതലാണ് ക്ലാസ്. 4-5 മണിക്കൂറാണ് റമദാനിലെ പ്രവൃത്തി സമയം. അധ്യാപകർക്കും ഇതര ജീവനക്കാർക്കും ഒരാഴ്ചത്തെ അവധിയാണ് ലഭിക്കുക. വിദ്യാർഥികളുടെ പരീക്ഷ പേപ്പറുകളുടെ മൂല്യനിർണയവും ഫലപ്രഖ്യാപനവും ഈ കാലയളവിൽ നടക്കും. ഒപ്പം പുതിയ ക്ലാസുകളിലേക്കുള്ള അഡ്മിഷനും അധ്യായന വർഷത്തെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളും അധ്യാപക പരിശീലന പരിപാടികളും വിദ്യാലയങ്ങളിൽ നടക്കും. സി.ബി.എസ്.സി 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ നടന്നുകൊണ്ടിരിക്കുകയാണ്. 10ാം ക്ലാസ് പരീക്ഷ മാർച്ച് 21നും 12ാം ക്ലാസ് പരീക്ഷ ഏപ്രിൽ അഞ്ചിനുമാണ് അവസാനിക്കുക. ജൂലൈ ഒന്ന് മുതലാണ് യു.എ.ഇയിലെ സ്കൂളുകളിൽ മധ്യവേനൽ അവധി ആരംഭിക്കുക.
No Comments
Leave a Comment