യുഎഇയിൽ പൊടിക്കാറ്റ്; അസ്ഥിരകാലാവസ്ഥ, റെഡ് അലർട് പ്രഖ്യാപിച്ചു
August 15, 2022

യുഎഇയിൽ ദൂരക്കാഴ്ച കുറച്ച് ശക്തമായ പൊടിക്കാറ്റ് തുടരുന്നു ‘. ഇന്നലെ പുലർച്ചെ മുതൽ വീശിയ പൊടിക്കാറ്റിൽ പലയിടങ്ങളിലും ദൂരക്കാഴ്ച 500 മീറ്ററിൽ താഴുകയും അന്തരീക്ഷം ഇരുണ്ടുമൂടുകയും ചെയ്തിരുന്നു . ഇന്നും അസ്ഥിര കാലാവസ്ഥ പ്രതീക്ഷിക്കാമെന്നാണു റിപ്പോർട്ട്. കൊടുംചൂട് തുടരുന്നതും താമസക്കാരെ വലയ്ക്കുന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ച ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം, ജനങ്ങൾ കഴിയുന്നതും പുറത്തിറങ്ങരുതെന്നു നിർദേശിച്ചു. പൊടിക്കാറ്റ് ഉൾപ്പെടെ അസ്ഥിര കാലാവസ്ഥയിൽ വാഹനമോടിക്കുന്നവർ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. മൊബൈൽ ഫോൺ ഉപയോഗിക്കുക, ഭക്ഷണം കഴിക്കുക, മുടി ചീകുകയോ കണ്ണാടിയിൽ നോക്കുകയോ ചെയ്യുക തുടങ്ങിയവ വാഹനാപകടങ്ങൾക്കു അപകടകാരണമാകും. നിയമലംഘനങ്ങൾക്ക് 800 ദിർഹം പിഴയും 4 ബ്ലാക് പോയിന്റുമാണ് ശിക്ഷ.വടക്കൻ എമിറേറ്റുകളിലെ വിവിധ മേഖലകളിൽ പെയ്ത മഴയിൽ താഴ്ന്ന മേഖലകളിൽ വെള്ളം നിറഞ്ഞു. വാദികൾ, മലനിരകൾ, താഴ് വാരങ്ങൾ എന്നിവിടങ്ങളിൽ നിന്നു വിട്ടുനിൽക്കണമെന്നാണ് മുന്നറിയിപ്പ് ഉണ്ട് . അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിന്റെ ദുരിതത്തിൽ നിന്നു ഷാർജ ഖോർഫക്കാനും ഫുജൈറ, റാസൽഖൈമ എമിറേറ്റുകളും മുക്തമാകുന്നതേയുള്ളൂ. ഷാർജയിലെ വാദി അൽ ഹിലോ, ഫുജൈറയിലെ മസാഫി, ഇസ്ഫായ്, റാസൽഖൈമയിലെ ഷൌഖ, വാദി അൽ ഉജൈലി, അൽ ലയാത് എന്നിവിടങ്ങളിലായിരുന്നു മഴ.യു എ ഇയുടെ വടക്കൻ എമിറേറ്റുകളിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് അടുത്തിടെ പ്രളയമുണ്ടായ മേഖലകളിൽ ജാഗ്രതാ നിർദേശം നൽകി.അബുദാബി അൽ ഐനിലും മഴ ശക്തമായിരുന്നു. ഇന്നലെ പൊതു അവധി ദിവസമായിരുന്നതിനാൽ റോഡുകളിൽ വാഹനങ്ങൾ തീരെ കുറവായിരുന്നു. എങ്ങും അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഏറെ പേരും ഇന്നലെ കടകളിൽ പോലും പോകാതെ വീടിനുള്ളിൽ ഒതുങ്ങിക്കൂടി. പുറത്തിറങ്ങിയ പലരും കണ്ണിലും മൂക്കിലുമെല്ലാം പൊടികയറി അസ്വസ്ഥരായി കടകളിൽ ഓടിക്കയറി. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സുസജ്ജമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
No Comments
Leave a Comment