മലയാളികളെ ലക്ഷ്യമിട്ടും മയക്കുമരുന്ന് വിൽപ്പന
January 31, 2023

യു.എ.ഇ.യിൽ പ്രവാസി മലയാളികളെ ലക്ഷ്യമിട്ടും മയക്കുമരുന്ന് വിൽപ്പന വ്യാപകമാകുമ്പോൾ ജാഗ്രത ഓർമ്മിപ്പിച്ച് വീണ്ടും പോലീസ് . ഫെയ്സ്ബുക്ക് മെസെഞ്ചർ, വാട്സാപ്പ് തുടങ്ങിയവ വഴിയാണ് മയക്കുമരുന്ന് വിൽപ്പനസംഘങ്ങൾ മലയാളികളെ ലക്ഷ്യമിട്ട് സന്ദേശങ്ങൾ അയക്കുന്നത്. ഇത്തരം സംഘങ്ങൾക്ക് വ്യക്തികളുടെ മൊബൈൽ നമ്പർ എങ്ങനെ ലഭിക്കുന്നുവെന്നതിൽ വ്യക്തതയില്ല.രാജ്യത്ത് മയക്കുമരുന്ന് വിൽപ്പനസംഘങ്ങളെ പിടികൂടാൻ പോലീസ് കർശന പരിശോധനകളാണ് നടത്തിവരുന്നത്. ഇത്തരം സംഘങ്ങൾക്കെതിരേ ജാഗ്രതപാലിക്കണമെന്ന് പോലീസ് നിരന്തരം ഓർമപ്പെടുത്തുന്നുണ്ട്. വിവിധ എമിറേറ്റുകളിലായി ദിവസേന ആയിരക്കണക്കിന് പരാതികളും പോലീസിന് ലഭിക്കുന്നുണ്ട്. മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം അബുദാബിയിൽ 142 പേരെ അറസ്റ്റുചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരിൽനിന്നും 816 കിലോഗ്രാം ലഹരിവസ്തുക്കളും പിടിച്ചെടുത്തു. അജ്ഞാതസന്ദേശങ്ങളോട് ഒരുകാരണവശാലും പ്രതികരിക്കരുതെന്ന് പോലീസ് ഓർമിപ്പിച്ചു. അജ്ഞാത വാട്സാപ്പ് സന്ദേശങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം 2200-ലേറെ പരാതികളാണ് ദുബായ് പോലീസിന് ലഭിച്ചത്. ഇതേ കാലയളവിൽ 527 മയക്കുമരുന്ന് ഇടപാടുകാരെ അറസ്റ്റുചെയ്തതായും ദുബായിലെ മയക്കുമരുന്നുവിരുദ്ധ വകുപ്പ് മേധാവി ബ്രിഗേഡിയർ ഖാലിദ് ബിൻ മുവൈസ പറഞ്ഞു
No Comments
Leave a Comment