ഫിറ്റ്നസ് ചലഞ്ചിൽ റെക്കോഡ്; പങ്കെടുത്തത് 22 ലക്ഷം പേർ
December 5, 2022

30 ദിവസം ദുബൈ നിവാസികൾക്ക് നവോന്മേഷം പകർന്ന ഫിറ്റ്നസ് ചലഞ്ചിന്റെ ആറാം എഡിഷനിൽ പങ്കെടുത്തത് 22 ലക്ഷം പേർ. മുൻകാലങ്ങളിലേതിനെ അപേക്ഷിച്ച് റെക്കോഡ് പങ്കാളിത്തമാണ് ഇത്തവണ രേഖപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നേതൃത്വത്തിൽ നടന്ന ചലഞ്ച് ഒക്ടോബർ 29ന് ആരംഭിച്ച് നവംബർ 27നാണ് സമാപിച്ചത്. 30 ദിവസം 30 മിനിറ്റ് വ്യായാമങ്ങളിൽ ഏർപ്പെട്ടാണ് ഓരോരുത്തരും ചലഞ്ചിന്റെ ഭാഗമായത്.ഏഴാം എഡിഷൻ അടുത്ത വർഷം ഒക്ടോബർ 28 മുതൽ നവംബർ 26വരെ നടക്കുമെന്നും അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. നഗരവാസികളിൽ ഫിറ്റ്നസ് അവബോധം വർധിപ്പിക്കാനും ആയിരക്കണക്കിന് പേരെ ആരോഗ്യ സംരക്ഷണവഴിയിൽ ഇറങ്ങാനും പ്രേരിപ്പിച്ചിട്ടുണ്ട് ഫിറ്റ്നസ് ചലഞ്ച്. ഓടിയും ചാടിയും സൈക്കിൾ ചവിട്ടിയും വ്യായാമം ചെയ്തും ആരോഗ്യസംരക്ഷണ സന്ദേശങ്ങൾ പകർന്നും കായികസംസ്കാരം വളർത്തിയുമാണ് ഓരോവർഷവും ചലഞ്ച് മുന്നേറിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽപോലും നിയന്ത്രണങ്ങളോടെയാണെങ്കിലും ഇതിന് മുടക്കമുണ്ടായില്ല. ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടന്ന ദുബൈ റൈഡിലും ദുബൈ റണിലും റെക്കോഡ് പങ്കാളിത്തം ഇത്തവണയുണ്ടായി. 2017ൽ നടന്ന ചലഞ്ചിന്റെ ആദ്യ എഡിഷനിൽ പങ്കെടുത്തവരുടെ എണ്ണം 7.8 ലക്ഷമായിരുന്നു. ഇതിൽനിന്ന് 180 ശതമാനത്തിന്റെ വളർച്ചയാണ് ആറാമത് എഡിഷനിലെത്തുമ്പോൾ ദൃശ്യമായിരിക്കുന്നത്.ദുബൈ റൈഡിൽ 34,897 സൈക്കിളുകൾ നിരത്തിലിറങ്ങിയപ്പോൾ ദുബൈ റണിൽ ഓടാൻ എത്തിയത് 1.90 ലക്ഷം പേരാണ്. കേരളത്തിന്റെ സ്വന്തം ഡി.എക്സ്.ബി റൈഡേഴ്സ്, കേരള റൈഡേഴ്സ് അടക്കമുള്ള കൂട്ടായ്മകൾ സജീവമായി പങ്കെടുത്തിരുന്നു. ജോയ് ആലുക്കാസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും ജീവനക്കാരുമായി ഫിറ്റ്നസ് ചലഞ്ചിൽ പങ്കെടുത്തു. ഫുട്ബാൾ, യോഗ, ബോക്സിങ്, ക്രിക്കറ്റ്, തുഴച്ചിൽ പോലുള്ള മത്സരങ്ങൾക്കു പുറമെ വിവിധ കായികയിനങ്ങളിൽ സൗജന്യ പരിശീലനവും നടന്നിരുന്നു.
No Comments
Leave a Comment