കരകാണാക്കാഴ്ചകളുടെ കടൽക്കൊട്ടാരം 23ന് തുറക്കും
May 22, 2023

അബുദാബി’. യാസ് ഐലൻഡിൽ പുതുതായി സജ്ജമാക്കിയ ലോകത്തിലെ ഏറ്റവും വലിയ മറൈൻ തീം പാർക്ക് സീ വേൾഡ് അബുദാബി 23ന് തുറക്കും. എല്ലാ പ്രായക്കാരെയും ആകർഷിക്കും വിധം 5 നിലകളിലായി 1.83 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഈ കടൽകൊട്ടാരം സജ്ജമാക്കിയത്.വ്യത്യസ്ത പ്രമേയങ്ങളിൽ 8 സോണുകളാക്കി തിരിച്ചുള്ള പാർക്കിൽ വെള്ളച്ചാട്ടം, റോളർകോസ്റ്റർ റൈഡ്, ഷോപ്പിങ്, ഡൈനിങ് തുടങ്ങി സന്ദർശകർക്കു വേണ്ടവയെല്ലാം ഒരുക്കിയിട്ടുണ്ട്. 2.5 കോടി ലീറ്റർ ജലം ഉൾക്കൊള്ളുന്ന സീ വേൾഡിൽ വിവിധ ഇനം ഡോൾഫിൻ, കടൽ നക്ഷത്രം, അരയന്നം, പെൻഗ്വിൻ, വ്യത്യസ്ത ഇനം സ്രാവുകൾ, മത്സ്യങ്ങൾ, കടലാമകൾ, ഉരഗങ്ങൾ തുടങ്ങി 150ലേറെ ഇനങ്ങളിലായി ഒരു ലക്ഷത്തിലേറെ കടൽ ജീവികളെ തനത് ആവാസ വ്യവസ്ഥയിൽ പാർപ്പിച്ചിട്ടുണ്ട്.സമുദ്രവുമായി മനുഷ്യരുടെ അതുല്യ ബന്ധമാണ് പാർക്ക് ഉയർത്തിക്കാട്ടുന്നതെന്ന് സീ വേൾഡ് അബുദാബി ഡപ്യൂട്ടി ജനറൽ മാനേജർ കാർലോസ് റോഡ്രിഗസ് പറഞ്ഞു. അബുദാബി സമുദ്രം, ഉഷ്ണമേഖലാ സമുദ്രം എന്നീ 2 മേഖലകളിലെ വ്യത്യസ്തതയും ഇവിടെ അനുഭവിച്ചറിയാം. അബുദാബി ഓഷ്യൻ എന്നു പേരിട്ട ആദ്യ ഭാഗത്ത് കടൽ ജീവികളെ തൊട്ടറിയാം. സ്വദേശികൾക്ക് സമുദ്രവുമായുള്ള ചരിത്ര ബന്ധങ്ങളും ഇവിടെ കാണാം. സമുദ്ര ജീവികളുടെ വിവിധ തലമുറകളെയും അവയിലെ മാറ്റങ്ങളും കണ്ടറിയാം. കണ്ടൽക്കാടുകൾ, ഫോസിൽ ഡ്യൂൺസ്, പർവതങ്ങൾ, ഗുഹകൾ, പാറക്കെട്ടുകൾ, പവിഴപ്പുറ്റുകൾ എന്നിവ പ്രമേയമാക്കിയുള്ള അബുദാബി ഓഷ്യൻ സന്ദർശകർക്ക് വ്യത്യസ്ത അനുഭവം സമ്മാനിക്കും
No Comments
Leave a Comment