ഒരു മാസത്തിനകം യു.എ.ഇ. നടത്തിയത് 44 ക്ലൗഡ് സീഡിങ്
January 31, 2023

കൃത്രിമമഴ പെയ്യിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഒരു മാസത്തിനകം യു.എ.ഇ. നടത്തിയത് 44 ക്ലൗഡ് സീഡിങ്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഇതുവരെ 13 ക്ലൗഡ് സീഡിങ് നടത്തിയതായും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ.സി.എം) വക്താവ് പറഞ്ഞു.മഴയുടെ തോത് വർധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ യു.എ.ഇ. പതിവായി നടത്തുന്ന പ്രക്രിയയാണ് ക്ലൗഡ് സീഡിങ്. ഇത്തവണ മഴയുടെ തോത് 25 ശതമാനത്തോളം വർധിച്ചു. എന്നാൽ ഇതുമാത്രമാണ് ശക്തമായ മഴയുടെ കാരണമെന്ന് അവകാശപ്പെടുന്നില്ലെന്നും വക്താവ് വിശദീകരിച്ചു.2015 മുതൽ യു.എ.ഇ.യിൽ മഴ വർധിപ്പിക്കുന്നതിനും ജലസുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി ഒട്ടേറെ രീതികൾ പരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇവയിൽ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിച്ചിട്ടുള്ളത് ക്ലൗഡ് സീഡിങ് പ്രക്രിയയാണ്. ഇതുമൂലം, ഓരോ വർഷവും ശരാശരി 100 മില്ലിമീറ്റർ മഴ രേഖപ്പെടുത്താറുള്ള യു.എ.ഇ.യിൽ സമീപ വർഷങ്ങളിൽ മഴയുടെ തോത് വലിയരീതിയിൽ വർധിച്ചു. കടുത്ത വേനലിലും മഴ ലഭിക്കുന്നതിനായി ഇത്തരം പ്രക്രിയകൾ നടത്താറുണ്ട്. കഴിഞ്ഞവർഷം 311 ക്ലൗഡ് സീഡിങ് പ്രക്രിയകൾക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേതൃത്വം നൽകിയിരുന്നു. അന്തരീക്ഷത്തിൽ മേഘങ്ങളുടെ ഘടനയിൽ രാസപദാർഥങ്ങളുടെ സഹായത്തോടെ വ്യത്യാസം വരുത്തി കൃത്രിമമഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്.
No Comments
Leave a Comment