യുഎഇയിൽ അനധികൃത പണമിടപാടുകളും ബ്ലേഡ് മാഫിയയും സജീവമാകുന്നു;
November 17, 2023

യുഎഇയിൽ അനധികൃത പണമിടപാടുകളും ബ്ലേഡ് മാഫിയയുംവീണ്ടും സജീവമാകുമ്പോൾ നിയമവും കർശനമാകുന്നു. മലയാളികളടക്കമുള്ള വൻകിട ബിസിനസുകാർ തൊട്ട് തൊഴിലാളികള്‍, കഫ്റ്റീരിയ, റസ്റ്ററന്‍റ്, മാൾ ജീവനക്കാർ തുടങ്ങിയവര്‍ വരെ ഇവരുടെ വലയിൽപ്പെട്ട് പലിശ അടയ്ക്കാനാകാതെ പ്രതിസന്ധിയിലാണ്. കോവിഡ്19 കാലത്ത് നിലച്ചുപോയ ബ്ലേഡ് മാഫിയ പിന്നീട് പതിയെ തലപൊക്കുകയായിരുന്നു. ഇപ്പോൾ ഇവരുടെ നീരാളിപ്പിടിത്തത്തിൽ ശ്വാസംമുട്ടി കഴിയുന്നവർ ഒട്ടേറെ. സംഖ്യ എഴുതാത്ത ചെക്കു( ബ്ലാങ്ക് ചെക്ക്)കൾ ഒപ്പിട്ടു നൽകിയാണ് പലരും പലിശയ്ക്ക് പണം വാങ്ങി വെട്ടിലാകുന്നത്. മലയാളികളടക്കമുള്ള ഇന്ത്യക്കാർ വ്യാപകമായി ചെയ്തുവരുന്ന പിഴവാണിത്. ഇതു പലരേയും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാക്കുന്നു. ഗവ.അംഗീകരിച്ച ബാങ്കുകൾ മുഖേന മാത്രമേ പണം വായ്പ വാങ്ങാനും പലിശ നൽകാനും പാടുള്ളൂ. അനധികൃതമായി പലിശയ്ക്ക് പണം നൽകുന്നത് യുഎഇ നിയമപ്രകാരം കുറ്റകരമാണ്. ഒന്നു മുതൽ 5 വർഷം വരെ തടവും 50,000 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.
No Comments
Leave a Comment