ദുബായ് എയർഷോ സമാപനത്തിലേക്ക്
November 16, 2023

ആഗോള വ്യോമയാന മേഖലയുടെ ഭാവി ചർച്ച ചെയ്ത് പതിനെട്ടാമത് ദുബായ് എയർഷോ.എമിറേറ്റ്സ് എയർലൈനും ഫ്ലൈ ദുബായും കോടികളുടെ വിമാനങ്ങൾക്ക് ഓർഡറുകൾ നൽകി . ദുബായ് എയർഷോയ്ക്ക് ഇടയിലാണ് നിർണ്ണായക കരാറിൽ ഒപ്പുവച്ചത് . മറ്റു രാജ്യങ്ങളിലെ വിമാന കമ്പനികളും വൻ ഓർഡർ നൽകിയിട്ടുണ്ട്. കോവിഡ് മഹാമാരിയിൽ ദുർബലമായ വ്യോമയാന രംഗം ക്രമാനുഗതമായും ശക്തമായും തിരിച്ചുവരുന്നുവെന്നതിന്റെ സൂചനയാണിത്. 1100 കോടി ഡോളറിന്റെ 30 ബോയിങ് 787 ഡ്രീംലൈനറുകൾക്കുള്ള ഓർഡറാണ് ഫ്ലൈ ദുബായ് നൽകിയത്. ലോകത്തിലെ ഏറ്റവും വലിയ ദീർഘദൂര വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻ 90 വിമാനങ്ങൾക്കാണ് ഓർഡർ നൽകിയത്. ഇതിൽ 55 എണ്ണം ബോയിങ് 777X-9, 35 ബോയിങ് 777X-8 എന്നീ വിമാനങ്ങളായിരിക്കും. എമിറേറ്റ്സ് ശ്രേണിയിലേക്ക് 5 ബോയിങ് 787 വിമാനങ്ങൾ കൂടി എത്തും. സേവന ശേഷി വർധിപ്പിച്ച് വ്യോമയാന രംഗത്തെ അജയ്യത തുടരുകയാണ് ലക്ഷ്യം. നേരത്തെ നൽകിയ ഓർഡറുകൾ ഉൾപ്പെടെ എമിറേറ്റ്സിന് മൊത്തം 205 ബോയിങ് 777X ആകും. പുതിയ വിമാനങ്ങൾ 2025 മുതൽ ലഭിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻ ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു. ദുബായ് വേൾഡ് സെൻട്രലിൽ നടക്കുന്ന പ്രദർശനത്തിൽ 95 രാജ്യങ്ങളിൽ നിന്നുള്ള 1,400 കമ്പനികൾ അണിനിരന്നു. 17 വരെ തുടരുന്ന പ്രദർശനത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല. എന്നാൽ ദിവസേന ഉച്ചയ്ക്ക് 2ന് നടക്കുന്ന എയർഷോ കാണാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട്. എയർഷോ കാണാനും നൂറുകണക്കിന് ആളുകൾ എത്തിയിരുന്നു. ഇന്ത്യയുടെ സാരംഗ്, യുഎഇയുടെ ഫുർസാൻ അൽ ഇമാറാത്ത് എന്നിവയ്ക്കു പുറമേ ഇറ്റലി, ചൈന എന്നീ രാജ്യങ്ങളുടെ വ്യോമസേനാ വിമാനങ്ങളും എയ്റോബാറ്റിക് ടീമുകളാണ് വ്യോമാഭ്യാസ പ്രകടനം നടത്തിയത്.
No Comments
Leave a Comment