1കോഴിക്കോട്ടേക്കും തിരിച്ചുമുള്ള വിമാന സർവിസ് നിർത്താൻ ഒരുങ്ങി എയർ ഇന്ത്യ
March 13, 2023

എയർ ഇന്ത്യ ഷാർജ, ദുബൈ വിമാനത്താവളങ്ങളിൽനിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള വിമാന സർവിസ് പൂർണമായും നിർത്താൻ തീരുമാനിച്ചു . ഈ സർവിസുകളുടെ സമയത്ത് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തുമെന്ന് വിമാന കമ്പനി അധികൃതർ പറഞ്ഞു. ഇക്കാര്യം കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, എം.പി അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു. സർവിസുകൾ റദ്ദാക്കരുതെന്നാവശ്യപ്പെട്ട് എം.പി നൽകിയ കത്തിന്‍റെ മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവിൽ എല്ലാ ദിവസവും ദുബൈയിൽനിന്നും കോഴിക്കോട്ടേക്ക് പുലർച്ച 2.20നും വൈകീട്ട് 4.05നും എയർ ഇന്ത്യ എക്സ്പ്രസിന് സർവിസ് ഉണ്ട്.എയർ ഇന്ത്യയുടെ വിമാന സർവിസ് ദുബൈയിൽ നിന്ന് ഉച്ചക്ക് 1.10 നാണ്. മാർച്ച് 26 മുതൽ ഇതേ സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ രണ്ടു സർവിസുകളിലാണ് ബുക്കിങ് കാണിക്കുന്നത്. ഉച്ചക്ക് 12.30 നും രാത്രി 11.40 നും. ഇതോടെ ദുബൈയിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ്സിനും എയർ ഇന്ത്യക്കും കൂടിയുണ്ടായിരുന്ന മൂന്നു സർവിസുകൾക്ക് പകരം മാർച്ച് 26നു ശേഷം എയർ ഇന്ത്യ എക്സ്പ്രസ്സിന്‍റെ രണ്ടു സർവിസുകൾ മാത്രമാണ് ഉണ്ടാവുക. ഷാർജയിൽ നിന്നും കോഴിക്കോട്ടേക്ക് രാത്രി 11.45 നാണ് എയർ ഇന്ത്യ സർവിസ് ഉള്ളത്. മാർച്ച് 26 മുതൽ ഇതിന് പകരമായി എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തും. രാത്രി 12.10ന് പുറപ്പെട്ട് പുലർച്ച 5.50ന് കോഴിക്കോട് എത്തുന്ന രീതിയിലാണ് ഈ സർവിസിന്‍റെ സമയം. നിലവിൽ എല്ലാ ദിവസവും ഇതേ റൂട്ടിൽ ഉച്ചക്ക് 12.55ന് ഉണ്ടായിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്‍റെ സർവിസ് മാർച്ച് 26 മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഉച്ചക്ക് 1.10 ന് പുറപ്പെടുന്ന രീതിയിലാണ് ബുക്കിങ് കാണിക്കുന്നത്.
No Comments
Leave a Comment