ഹയാ കാര്‍ഡിന്റെ കാലാവധി നീട്ടി; 2024 ജനുവരി 24 വരെ ഖത്തറിൽ പ്രവേശിക്കാം
February 1, 2023

ഖത്തറിന്റെ ലോകകപ്പ് ഹയാ കാർഡ് ഉടമകൾക്ക് അടുത്ത ജനുവരി 24 വരെ രാജ്യത്തേക്ക് പ്രവേശിക്കാം. 2024 ജനുവരി വരെയുള്ള ഒരു വർഷക്കാലം പ്രവേശന ഫീസില്ലാതെ ഒന്നിലധികം തവണ ഖത്തർ സന്ദർശിക്കാമെന്ന പുതിയ പ്രഖ്യാപനം പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമാകും. ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെ നിശ്ചിത വ്യവസ്ഥക ളോടെയാണ് ഹയാ കാർഡുകളുടെ കാലാവധി നീട്ടിയതെ ങ്കിലും പ്രവാസി കുടുംബങ്ങൾക്ക് വീണ്ടും ഒന്നിച്ചു ചേരാനുള്ള അവസരം കൂടിയാണിത്. ലോകകപ്പ് ഹയാ കാർഡ് ഉടമകളായ ആരാധകർക്കും ഓർഗനൈസർമാർക്കും ഇനിയുള്ള ഒരു വർഷം ഒന്നിലധികം തവണ ഖത്തർ സന്ദർശിക്കാനുള്ള അവസരമൊരുക്കി ഹയാ കാർഡിന്റെ കാലാവധി 2024 ജനുവരി 24 വരെയാണ് ആഭ്യന്തര മന്ത്രാലയം നീട്ടിയത്. നേരത്തെ ഈ മാസം 23 വരെയായിരുന്നു ഹയാ കാർഡ് ഉടമകൾക്ക് ഖത്തറിൽ താമസാനുമതി നൽകിയത്. കാലാവധി നീട്ടുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞിരുന്നവർ പ്രഖ്യാപനം വൈകിയതോടെ 23ന് മുൻപായി സ്വദേശങ്ങളിലേക്ക് മടങ്ങിയിരുന്നു. ഫിഫ ലോകകപ്പ് കാണാൻ ഖത്തറിൽ എത്തിയ വിദേശീയർക്ക് രാജ്യത്തേക്കും സ്റ്റേഡിയ ങ്ങളിലേക്കുമുള്ള പ്രവേശനം എളുപ്പമാക്കാനാണ് ഫാൻ ഐഡി അഥവാ ഹയാ കാർഡുകൾ നിർബന്ധമാക്കിയത്. കഴിഞ്ഞ നവംബർ 1 മുതൽ ഡിസംബർ 23 വരെയാണ് ലോകകപ്പ് ഹയാ കാർഡ് ഉടമകൾക്ക് ഖത്തറിലേക്ക് പ്രവേശനം അനുവദിച്ചത്. ഹയാ കാർഡ് ലഭിക്കാൻ പ്രായപരിധി ഇല്ലാതിരുന്നതിനാൽ ഭാര്യയേയും മക്കളേയും മാത്രമല്ല 60 വയസ്സ് കഴിഞ്ഞ രക്ഷിതാക്കളെയും ദോഹയിലേക്ക് കൊണ്ടുവരാനും ലോകകപ്പ് മത്സരങ്ങളും കാഴ്ചകളും കാണിക്കാനും പ്രവാസികൾക്ക് കഴിഞ്ഞുവെന്നതായിരുന്നു വലിയ നേട്ടം.അതേസമയം നിശ്ചിത പ്രവേശന വ്യവസ്ഥകളോടെയാണ് ഹയാ കാർഡുകളുടെ കാലാവധി നീട്ടിയത്. ഹോട്ടൽ റിസർവേഷൻ അല്ലെങ്കിൽ ഹയാ പോർട്ടലിൽ ഇഷ്യൂ ചെയ്ത കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പമുള്ള താമസാനുമതി, ഖത്തറിൽ താമസിക്കുന്ന കാലത്തേക്കുള്ള ആരോഗ്യ ഇൻഷുറൻസ്, റിട്ടേൺ യാത്രാ ടിക്കറ്റ് എന്നീ രേഖകൾ പ്രവേശനത്തിന് നിർബന്ധമാണ്. മാത്രമല്ല പാസ്‌പോർട്ടിന് കുറഞ്ഞത് 3 മാസം കാലാവധി ഉണ്ടായിരിക്കണം. ഹയാ കാർഡ് ഉടമകൾക്ക് നിരവധി ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്. ഹയാ വിത്ത് മീ സംവിധാനത്തിലൂടെ കാർഡ് ഉടമയ്ക്ക് 3 പേരെ കൂടി ഒപ്പം കൂട്ടാം. ഇവർക്കുള്ള സന്ദർശന അനുമതി ഹയാ പോർട്ടൽ അല്ലെങ്കിൽ ആപ്പ് മുഖേന തേടണം. പ്രവേശന കവാടങ്ങളിലെ ഇ-ഗേറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്താം.ലോകകപ്പ് സമയത്തെ വിവിധ വിഭാഗങ്ങളിലുള്ള എല്ലാ ഹയാ കാർഡ് ഉടമകൾക്കും നിബന്ധനകളും ആനുകൂല്യങ്ങളും ബാധകമാണ്.
No Comments
Leave a Comment