ഷാർജ സഫാരി പാർക്ക് തുറന്നു
September 25, 2023

ഷാർജ യിൽ പുതിയ സീസണിലേക്ക് സന്ദർശകരെ സ്വാഗതം ചെയ്ത് ഷാർജ സഫാരി പാർക്ക് തുറന്നു. ആഫ്രിക്കൻ മൃഗങ്ങളുടെയും പക്ഷികളുടെയും വേറിട്ട പ്രദർശനവുമായി ഷാർജ സഫാരി ആംഫി തിയറ്ററാണ് ഇത്തവണത്തെ ആകർഷണം. കൂടാതെ ഉരഗങ്ങൾ, പക്ഷികൾ, മൃഗങ്ങൾ എന്നിവ കൂടുതലായി ഉൾപ്പെടുത്തി വന്യജീവി ശേഖരം വിപുലീകരിച്ചതും സന്ദർശകർക്ക് ഇമ്പമാർന്ന കാഴ്ച സമ്മാനിക്കും. ആഫ്രിക്കയ്ക്കു പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ സഫാരി പാർക്കാണിത്.രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 40 ദിർഹം, കുട്ടികൾക്ക് നിരക്ക് 15 ദിർഹം. വന്യജീവി സങ്കേതത്തിലൂടെയുള്ള കാഴ്ചകൾ ആസ്വദിക്കാൻ മുതിർന്നവർക്ക് 120 മുതൽ 275 ദിർഹം വരെ വ്യത്യസ്ത പാക്കേജുകളുണ്ടെന്ന് പരിസ്ഥിതി, സംരക്ഷിത മേഖലാ അതോറിറ്റി (ഇ.പി.എ.എ.) ചെയർപഴ്‌സൺ ഹന സൈഫ് അൽ സുവൈദി പറഞ്ഞു. തണ്ണീർത്തടങ്ങൾ, താഴ്‍വരകൾ വെള്ളച്ചാട്ടങ്ങൾ, പർവതനിരകൾ എന്നിവയിലൂടെയുള്ള യാത്ര വ്യത്യസ്ത അനുഭൂതി പകരും. അൽദെയ്ദിലെ അൽ ബ്രിഡി നാച്വറൽ റിസർവിനുള്ളിൽ 8 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിൽ സഹേൽ, നൈഗർ വാലി, സാവന്ന എന്നിങ്ങനെ ആഫ്രിക്കയിലെ 12 പ്രദേശങ്ങളുടെ മാതൃകയിലാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്.സിംഹം, ആന, ജിറാഫ് തുടങ്ങിയ മൃഗങ്ങൾക്കൊപ്പം വംശനാശ ഭീഷണി നേരിടുന്നവ ഉൾപ്പെടെ ഒട്ടേറെ പക്ഷിമൃഗാദികൾ ഇവിടെയുണ്ട്.
No Comments
Leave a Comment