ഷാര്‍ജ രാജ്യാന്തര പുസ്തകമേള നവംബര്‍ ഒന്ന് മുതല്‍; കൊറിയ വിശിഷ്ടാതിഥി
September 13, 2023

42-ാമത് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ (എസ്ഐബിഎഫ്) നവംബര്‍ ഒന്നിന് ആരംഭിക്കും. ഷാര്‍ജ എക്സ്പോ സെന്ററില്‍ നവംബര്‍ 12 വരെയാണ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പുസ്തകമേള. റിപ്പബ്ലിക് ഓഫ് സൗത്ത് കൊറിയ ആയിരിക്കും ഈ വര്‍ഷത്തെ വിശിഷ്ടാതിഥിയെന്നും വാം റിപോര്‍ട്ട് ചെയ്തു.പകര്‍പ്പവകാശം വാങ്ങുന്നതിലും വില്‍ക്കുന്നതിലും ലോകത്തിലെ ഏറ്റവും വലിയ പുസ്തക മേളയാണ് ഷാര്‍ജയിലേത്. ഈ വര്‍ഷത്തെ വിശിഷ്ടാതിഥിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ മേളയിലെത്തുന്നവര്‍ക്ക് ദക്ഷിണ കൊറിയയുടെ ചരിത്രം, നാഗരികത, കലകള്‍ എന്നിവയെക്കുറിച്ച് പഠിക്കാനുള്ള അവസരം ലഭിക്കും.ദക്ഷിണ കൊറിയയില്‍ നിന്നുള്ള നിരവധി എഴുത്തുകാരും സാംസ്‌കാരിക പ്രമുഖരും അവരുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കിടും. കഴിഞ്ഞ ജൂണില്‍ സിയോള്‍ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറിന്റെ 65–ാമത് എഡിഷനില്‍ ദക്ഷിണ കൊറിയ ഷാര്‍ജയെ തങ്ങളുടെ അതിഥിയായി പങ്കെടുപ്പിച്ചിരുന്നു.ആഗോള സാംസ്‌കാരിക കേന്ദ്രമെന്ന നിലയില്‍ ഷാര്‍ജ എമിറേറ്റ് തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയാണെന്ന് ഷാര്‍ജ ലിറ്ററേച്ചര്‍ അതോറിറ്റി ചെയര്‍പേഴ്സൺ ഷെയ്ഖ ബോദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാംസ്‌കാരിക പരിപാടികളിലൊന്നായി മേള മാറിക്കഴിഞ്ഞു.ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് പുസ്തക-സാംസ്‌കാരിക പ്രേമികളാണ് മേളയില്‍ പങ്കെടുക്കുന്നത്. പ്രസാധകരും രചയിതാക്കളും തമ്മില്‍ പ്രസിദ്ധീകരണ അവകാശങ്ങള്‍ വാങ്ങാനും വില്‍ക്കാനും സൗകര്യമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മേളയില്‍ 95 രാജ്യങ്ങളില്‍ നിന്നുള്ള 2,213ലേറെ പ്രസാധകര്‍ പങ്കെടുത്തിരുന്നു. 57 രാജ്യങ്ങളില്‍ നിന്നുള്ള 150 എഴുത്തുകാരും ചിന്തകരും സംബന്ധിച്ചു.ഈ പ്രാവശ്യം മലയാളത്തിൽ നിന്നടക്കം ഒട്ടേറെ പ്രസാധകരും എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കും. ഇതിനകം സ്റ്റാളുകൾ എല്ലാം അനുവദിച്ചുകഴിഞ്ഞു. കേരളത്തിൽ നിന്നടക്കം ഇന്ത്യയിൽ നിന്ന് മുൻവർഷത്തേക്കാൾ കൂടുതൽ പ്രസാധകരെത്തുമെന്നാണ് കരുതുന്നത്. കൂടാതെ, ഗൾഫിലെ ഉൾപ്പെടെ ഒട്ടേറെ മലയാളി എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. ഇതിനുള്ള ഒരുക്കങ്ങൾ പ്രസാധകർ പൂർത്തിയാക്കി വരുന്നു.
No Comments
Leave a Comment