വിവാഹമോചനം ഉൾപ്പെടെ മുസ്‌ലിം ഇതര മതസ്ഥരുടെ വ്യക്തിനിയമം ഇനി എല്ലാ എമിറേറ്റുകളിലും
February 2, 2023

യുഎഇയിലെ എല്ലാ എമിറേറ്റുകളിലും അമുസ്‌ലിം വ്യക്തി നിയമംഇന്ന് മുതൽ പ്രാബല്യത്തിൽ. വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, അനന്തരാവകാശം എന്നിവ അടങ്ങിയതാണ് നിയമം. സിവിൽ മാര്യേജ് കരാർ പ്രകാരം സങ്കീർണ നടപടികളും സാക്ഷിവിസ്താരവും ഒഴിവാക്കി പരസ്പര സമ്മതത്തോടെ വിവാഹവും വിവാഹ മോചനവും നടത്താമെന്നതാണ് പ്രത്യേകത.അമുസ്‌ലിംകൾക്ക് അബുദാബിയിൽ നടപ്പാക്കിയ വ്യക്തിഗത, കുടുംബ നിയമം (പഴ്സനൽ സ്റ്റേറ്റസ് ലോ) ആണ് ഇന്നു മുതൽ എല്ലാ എമിറേറ്റുകളിലും നടപ്പിലാക്കാൻ തുടങ്ങിയത് .വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങൾ, നഷ്ടപരിഹാരം, വിവാഹമോചനം, കുട്ടികളുടെ സംയുക്ത സംരക്ഷണം, സാമ്പത്തിക അവകാശങ്ങളിൽ തീരുമാനമെടുക്കൽ, വിൽപത്രം, പിൻതുടർച്ചാവകാശം തുടങ്ങിയവയും നിയമത്തിന്റെ പരിധിയിൽ വരും. യുഎഇ സന്ദർശനത്തിനിടെ വിവാഹവും വിവാഹ മോചനവും നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഫാമിലി കോർട്ടിൽ റജിസ്റ്റർ ചെയ്യാം. അമുസ്‌ലിംകളുടെ വ്യക്തിഗത, കുടുംബ കേസുകൾ പരിഗണിക്കുന്ന കോടതിയിൽ സിവിൽ മാര്യേജ് കരാർ പ്രകാരമായിരിക്കും പരസ്പര സമ്മതത്തോടെയുള്ള വിവാഹം.ഇതിന് വധുവിന്റെ പിതാവിന്റെ അനുവാദം ആവശ്യമില്ല. അതുകൊണ്ടുതന്നെ അബുദാബി കോടതിയിൽ വിവാഹം റജിസ്റ്റർ ചെയ്യാനായി എത്തുന്ന വിദേശികളുടെ എണ്ണം വർധിച്ചുവരികയാണ്. കഴിഞ്ഞ വർഷം അയ്യായിരത്തിലേറെ വിവാഹങ്ങൾ നടന്നിരുന്നു. യുകെ, യുഎസ്, ന്യൂസിലൻഡ്, സ്പെയിൻ, ചൈന, സിംഗപ്പൂർ തുടങ്ങിയ രാജ്യക്കാരാണ് അബുദാബിയിലെത്തി വിവാഹിതരായവരിൽ ഏറെയും.
No Comments
Leave a Comment