രാജ്യാതിര്‍ത്തികളുടെ ഭാവി: ആഗോള സമ്മേളനം ദുബായിൽ
September 15, 2023

രാജ്യാതിർത്തികളുടെ ഭാവി നയങ്ങൾ രൂപീകരിക്കുന്നതിനുള്ള ആഗോള സമ്മേളനം ഈ മാസം 19, 20 തീയതികളിൽ ദുബായ് മദീനത്ത് ജുമൈറ ഹോട്ടലിൽ നടക്കും. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് ആണ് സമ്മേളനം സംഘടിപ്പിക്കുക.അതിർത്തി നിയന്ത്രണ മേഖലയിൽ പ്രവർത്തിക്കുന്ന 23ലധികം ആഗോള നയരൂപകർത്താക്കൾ, ഗവേഷകർ, വിദഗ്ധർ ഉൾപ്പെടെ ഒട്ടേറെ പേർ പങ്കെടുക്കും. ലോകത്തെ ഇമിഗ്രേഷൻ അധികാരികൾ നേരിടുന്ന കാലിക പ്രശ്‌നങ്ങളും പരിഹാരവും സമ്മേളനം ചർച്ച ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ബോർഡർ മാനേജ്‌മെന്റ്, ഇമിഗ്രേഷൻ, റസിഡൻസി എന്നിവയിലെ നൂതന സമ്പ്രദായങ്ങളെക്കുറിച്ചും ചർച്ച ചെയ്യും. ബോർഡർ ക്രോസിങ് മാനേജ്‌മെന്റിലെ മികച്ച രാജ്യാന്തര സമ്പ്രദായങ്ങൾക്ക് സാക്ഷ്യം വഹിക്കാനും പ്രാദേശിക, ആഗോള തലങ്ങളിൽ ഒന്നിലധികം മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന വിനിമയങ്ങളിൽ ഏർപ്പെടാനുള്ള സുവർണ്ണാവസരവും സമ്മേളനം ഒരുക്കും. ഭാവി വെല്ലുവിളികളെ നേരിടുന്നതിനുള്ള നയങ്ങൾ വികസിപ്പിക്കുന്നതിനുള്ള വഴികളും ഫോറം ചർച്ചചെയ്യുമെന്ന് ജിഡിആർഎഫ്എ ദുബായ് ഉപമേധാവി മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ പറഞ്ഞു. അതിനൊപ്പം വികസിക്കുന്ന വിവിധ യാത്രാ മാർഗങ്ങൾ, മേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങൾ, വർധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കൈകാര്യം ചെയ്യുന്നതിലെ വെല്ലുവിളി എന്നിവയെക്കുറിച്ചുള്ള ചർച്ചകളും നടക്കും.
No Comments
Leave a Comment