യു.എ.ഇ. ചാന്ദ്രദൗത്യം നവംബറിൽ
July 21, 2022
അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യമായ യു.എ.ഇ.യുടെ റാഷിദ് റോവർ നവംബറിൽ വിക്ഷേപിക്കും. ജപ്പാൻ ആസ്ഥാനമായുള്ള ഐസ്പേസ് കമ്പനിയാണ് ഇക്കാര്യമറിയിച്ചത്.ഫ്ളോറിഡയിലെ കേപ് കനാവറലിൽനിന്ന് മിഷൻ വൺ സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിൽ കുതിക്കുമെന്ന് ഐസ്പേസ് സ്ഥാപകനും സി.ഇ.ഒ.യുമായ തകേഷി ഹകമാഡ പറഞ്ഞു. വാണിജ്യ ബഹിരാകാശ പര്യവേക്ഷണത്തിലെ വഴിത്തിരിവായിരിക്കും മിഷൻ വൺ.സെപ്റ്റംബറോടെ പരീക്ഷണം പൂർത്തീകരിക്കും. ആസൂത്രണം ചെയ്ത വിക്ഷേപണത്തിന് മുൻപായി ജർമനിയിൽനിന്ന് യു.എസിലേക്ക് അയക്കും. അന്തിമപരിശോധനയിൽ വൈബ്രേഷൻ, തെർമൽ വാക്വം, മാസ് പ്രോപ്പർട്ടി, ഫങ്ഷണൽ ടെസ്റ്റിങ് എന്നിവ ഉൾപ്പെടും. ചാന്ദ്രദൗത്യം വിജയകരമായാൽ ആഗോളതലത്തിൽ ഈ നേട്ടം കൈവരിക്കുന്ന നാലാമത് രാജ്യമായി യു. എ.ഇ. മാറും.സ്വപ്നതടാകം എന്നർഥമുള്ള ലാകസ് സോംനിയോറം എന്ന ഭാഗത്തായിരിക്കും ചന്ദ്രനിൽ റാഷിദ് റോവർ ഇറങ്ങുകയെന്ന് എമിറേറ്റ്സ് ലൂണാർ മിഷൻ പദ്ധതി മാനേജർ ഡോ.ഹമദ് അൽ മർസൂഖി അറിയിച്ചിരുന്നു. സ്വപ്നതടാകം പ്രാഥമിക ലോഞ്ചിങ് സൈറ്റാണ്.മറ്റ് മൂന്നുസ്ഥലങ്ങൾ അടിയന്തരഘട്ടത്തിൽ ഉപയോഗിക്കാനായി തിരഞ്ഞെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞമാസം യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യു.എ. ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ എമിറേറ്റ്സ് ലൂണാർ മിഷൻ സംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.അന്തരിച്ച ശൈഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്റെ പേരിലാണ് യു.എ.ഇ.യുടെ ആദ്യ ചാന്ദ്രദൗത്യം അറിയപ്പെടുന്നത്.
No Comments
Leave a Comment