യു എ ഇയിൽ അവധി ദിനങ്ങളിൽ തിരക്കൊഴിയാതെ പൊതുഗതാഗതം
July 13, 2022

യു എ ഇ യിലെ വിവിധ എമിറേറ്റുകളിൽ ബലിപെരുന്നാള്‍ അവധി ദിവസങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരിൽ വൻ വർദ്ധനവ് തുടരുന്നു .ദുബൈയിലെയും അജ്മാനിലെയും ഗതാഗത വകുപ്പുകൾ പുറത്തുവിട്ട കണക്കുകളിലാണിത് വ്യക്തമാക്കുന്നത്. ദുബൈയിൽ റോഡ് ഗതാഗത അതോറിറ്റിയുടെ (ആർ.ടി.എ) വിവിധ സംവിധാനങ്ങൾ വഴി യാത്രചെയ്തത് 56 ലക്ഷം പേരാണ്. ജൂലൈ എട്ടുമുതൽ 11വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ദുബൈ മെട്രോ വഴി 21 ലക്ഷം ആളുകളും ബസുകളിൽ 11 ലക്ഷം പേരും ട്രാം സർവിസ് വഴി 87,000വും സമുദ്ര ഗതാഗതം വഴി 25,000പേരും യാത്ര ചെയ്തിട്ടുണ്ട്. ടാക്സികൾ ഉപയോഗപ്പെടുത്തിയത് 17 ലക്ഷത്തിലേറെ പേരാണെന്നും ആർ.ടിഎ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.അജ്മാനിൽ അവധി ദിവസങ്ങളിൽ അജ്മാന് ഗതാഗത വകുപ്പിന്റെ സേവനം മൂന്നുലക്ഷത്തിലേറെ പേര് ഉപയോഗപ്പെടുത്തി. അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇതുസംബന്ധമായ വിവരങ്ങള്‍ വ്യക്തമാക്കിയത്. 3,34,278 പേര് അജ്മാൻ എമിറേറ്റിൽ പൊതുഗതാഗതവും സമുദ്രഗതാഗതവും (അബ്ര) ടാക്സികളും ഉപയോഗപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ഈദ് ദിനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും തിരക്കേറിയതുമായ സ്ഥലങ്ങളിലേക്ക് യാത്രാസൗകര്യം ഉറപ്പാക്കുന്നതിന് പദ്ധതികൾ അതോറിറ്റി വികസിപ്പിച്ചിരുന്നെന്ന് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി ഡയറക്ടർ ജനറൽ റാഷ ഖലാഫ് അൽ ശംസി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഈദ് അവധിക്ക് പൊതുഗതാഗതം ഉപയോഗപ്പെടുത്തിയവരെ അപേക്ഷിച്ച് ഇക്കുറി വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
No Comments
Leave a Comment