യു എ ഇയിലെ പ്രളയബാധിത മേഖലകൾ സാധാരണനിലയിൽ -ആഭ്യന്തര മന്ത്രാലയം
August 3, 2022

കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കം ബാധിച്ച യുഎഇയിലെ മുഴുവൻ മേഖലകളും സാധാരണ നില കൈവരിച്ചതായി ആഭ്യന്തര മന്ത്രാലയം. മഴ ബാധിച്ച രാജ്യത്തെ എല്ലാ റോഡുകളിലും ഗതാഗതം പുനഃസ്ഥാപിച്ചതായും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ ബ്രിഗേഡിയർ ജനറൽ ഡോ. അലി സാലിം അൽ തുനൈജി വ്യക്തമാക്കി.സ്ഥിരത കൈവരിക്കുന്നതിന് സിവിലിയൻ സന്നദ്ധപ്രവർത്തകർക്കൊപ്പം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും ഏകോപനത്തോടെ പ്രവർത്തിച്ചെന്നും ഈ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രക്ഷാപ്രവർത്തനത്തിൽ വലിയ മുൻഗണന നൽകിയത് ജീവൻ രക്ഷിക്കുന്നതിനായിരുന്നു. അപകട സാഹചര്യങ്ങളിൽ കഴിയുന്നവരെ മാറ്റിത്താമസിപ്പിക്കുന്നതിനും റോഡ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും ശ്രദ്ധിച്ചു.98 ശതമാനം റോഡുകളും നിലവിൽ പ്രവർത്തനസജ്ജമാണ്. ജൂലൈ 27 മുതൽ ഇതിനകം ദുരിതബാധിതരുടെ 30,318 കേസുകൾ സർക്കാർ സുരക്ഷാവിഭാഗങ്ങൾ കൈകാര്യം ചെയ്തു. ആകെ 4816 ഉദ്യോഗസ്ഥരും 1198 വാഹനങ്ങളും രക്ഷാപ്രവർത്തനത്തിലും ഒഴിപ്പിക്കലിലും പങ്കെടുത്തു. എല്ലാ ടീമുകളും കാര്യങ്ങൾ സാധാരണ നിലയിലാക്കുന്നതിനുവേണ്ടി പരിശ്രമിക്കുകയായിരുന്നു -അൽ തുനൈജി വിശദീകരിച്ചു.ഫുജൈറയിൽ വെള്ളപ്പൊക്കത്തിലെ നഷ്ടം രേഖപ്പെടുത്തുന്നതിന്‍റെ ഭാഗമായി, വീടുകൾക്കും വാഹനങ്ങൾക്കും സ്വത്തുക്കൾക്കുമുണ്ടായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഫുജൈറ സർക്കാർ താമസക്കാരോട് ആവശ്യപ്പെട്ടു. നഷ്ടം റിപ്പോർട്ട് ചെയ്യാൻ അറബി, ഇംഗ്ലീഷ് വിൻഡോകൾ തുറന്നത് ഫുജൈറ പൊലീസിന്‍റെ വെബ്സൈറ്റിലാണ് . അതേസമയം, പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ സഹായിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു.
No Comments
Leave a Comment