യുഎഇയിൽ യൂസ്ഡ് കാർ വിപണി സജീവം
May 26, 2023

ആനുകൂല്യങ്ങളും സൗജന്യങ്ങളും നൽകിയാണ് യൂസ്ഡ് കാർ വിപണി സജീവമായിരിക്കുന്നത് .പുതിയ കാറുകൾ ലഭിക്കാനുള്ള കാലതാമസവും ചെലവും ഉഷാറാക്കിയത് പഴയ വാഹനങ്ങളുടെ വിപണിയെയാണ്.യൂസ്ഡ് കാർ വാങ്ങുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 58% വർധനവുണ്ട് .ബാങ്ക് വായ്പ, വാറന്റി, സർവീസ് എന്നിവയുൾപ്പെടെ പുതിയ കാർ വാങ്ങാൻ എന്തെല്ലാം സേവനം ലഭിക്കുമോ അതും അതിലധികവും പഴയ കാറുകളുടെ വിപണിയിൽ ലഭ്യമാണ്. കോവിഡ് അടച്ചുപൂട്ടലിൽ ഉദിച്ചതാണ് പഴയ കാർ വിപണിയുടെ ശുക്രൻ. കോവിഡ് വിട്ടു മറ്റെല്ലാ മേഖലയും ഉണർന്നെങ്കിലും പഴയ കാറുകൾക്ക് ആവശ്യക്കാർ ഏറുകയാണ്. നാട്ടിൽ ഉപയോഗിച്ച കാർ വാങ്ങും പോലെയല്ല യുഎഇയിലെ യൂസ്ഡ് കാർ വിപണി. പുതിയ കാറുകൾ തൊഴുതു നിൽക്കും പഴയ കാറുകൾ കണ്ടാൽ. അത്രയും മുഖം മിനുക്കി പുത്തൻ പുതിയതു പോലെയാണ് വാഹനങ്ങൾ കൺമുന്നിലെത്തുക. ഒപ്പം 2 വർഷം വാറന്റി, ബാങ്ക് വായ്പ, രാജ്യത്തിനു പുറത്തേക്കും വ്യാപിപ്പിക്കാവുന്ന ഇൻഷുറൻസ് കവറേജ്, വാഹനത്തിന്റെ ലൈസൻസ് സൗജന്യമായി പുതുക്കാൻ സൗകര്യം, വിൽപനാനന്തര സേവനം അങ്ങനെ പുതിയ കാർ വിപണിയെക്കാൾ ആനുകൂല്യ സമ്പന്നമായിരിക്കുന്നു യൂസ്ഡ് കാർ വിപണി. . പുതിയ കാറുകളുടെ വിലയിലും വലിയ വർധനയുണ്ടായി. 2021 മുതൽ യൂസ്ഡ് കാർ വിപണിയിൽ 60% വളർച്ചയുണ്ട്. 2027 ആകുന്നതോടെ 11800 കോടി ദിർഹത്തിന്റെ വിപണിയായി യൂസ്ഡ് കാർ മേഖല മാറുമെന്നാണ് കണക്കാക്കുന്നത്.
No Comments
Leave a Comment