യുഎഇയിൽ പകർച്ചപ്പനി, പനിയുള്ള കുട്ടികളെ സ്കൂളിൽ വിടരുതെന്ന് ആരോഗ്യ വിദഗ്ധർ
September 14, 2023

പകർച്ചപ്പനിയുള്ള (ഇൻഫ്ലൂവൻസ – ഫ്ലൂ) കുട്ടികളെ സ്കൂളുകളിൽ വിടരുതെന്ന് ആരോഗ്യ വിദഗ്ധർ. കുട്ടികളുടെ ആരോഗ്യത്തിനു മുൻഗണന നൽകാൻ രക്ഷിതാക്കളും സ്കൂൾ അധികൃതരും ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് യുഎഇയിൽ പകർച്ചപ്പനി വ്യാപകമായതിനാൽ ക്ലിനിക്കുകളിലും ആശുപത്രികളിലും ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചു. വീട്ടിലും സ്കൂളിലും ഓഫിസിലും ഒരാൾക്ക് പനി ബാധിച്ചാൽ മറ്റുള്ളവരിലേക്കും പെട്ടെന്ന് പടരും. അതിനാൽ നേരത്തെ തന്നെ ഫ്ലൂ വാക്സീൻ എടുത്ത് രോഗപ്രതിരോധം ഉറപ്പാക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.പനി, ജലദോഷം, ചുമ, തുമ്മൽ, മൂക്കൊലിപ്പ്, ചെവി വേദന തുടങ്ങിയവ ബാധിച്ച കുട്ടികളെ സ്കൂളിൽ വിടരുത്. മറ്റു കുട്ടികളിലേക്കു രോഗം പകരുന്നത് ഇതുമൂലം ഒഴിവാക്കാം. യഥാസമയം ഡോക്ടറെ കാണിച്ച് മരുന്ന് കഴിക്കണം. സ്കൂളുകൾ, നഴ്സറികൾ തുടങ്ങി കുട്ടികൾ ഏറെ സമയം ഒരിടത്ത് തങ്ങുന്നിടത്ത് വൈറസ് ബാധയ്ക്ക് സാധ്യത കൂടുതലായതിനാൽ സുഖപ്പെടും വരെ വീടുകളിൽ കഴിയണമെന്ന് ഡോക്ടർമാർ പറഞ്ഞു. അടച്ചിട്ട ക്ലാസ് മുറികളിലെ ശ്വസനം രോഗപ്പകർച്ച വ്യാപകമാക്കുമെന്നു ഓർമിപ്പിച്ചു.ഫ്ലൂ, കൊറോണ, ന്യൂമോണിയ, ബ്രോങ്കൈറ്റിസ്, ഭക്ഷ്യവിഷബാധ, വയറിളക്കം, ഗ്യാസ്ട്രോ എൻറ്റൈറ്റിസ്, ദഹനം, ചെവി–നേത്ര രോഗങ്ങൾ, മൂത്രനാളിയിലെ അണുബാധ എന്നിവ ഉണ്ടെങ്കിലും സ്കൂളിൽ വിടരുതെന്ന് ശിശുരോഗ വിദഗ്ധൻ ഡോ. അബ്ദുല്ല ഖൻബസ് ഓർമിപ്പിച്ചു. ശൈത്യകാലത്ത് പൊതുവേ കണ്ടുവരുന്ന രോഗമാണ് ഇൻഫ്ലൂവൻസ. ചികിത്സിച്ചു മാറ്റാം. കുട്ടികൾക്കു രോഗം പിടിപെട്ടാൽ 48 മണിക്കൂറിനകം ഡോക്ടറെ കാണിക്കണം. ശക്തമായതും ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതുമായ പനി, ജലദോഷം, തുമ്മൽ, തലവേദന, തലകറക്കം, വിശപ്പില്ലായ്മ, കഫക്കെട്ട്, വയറു വേദന, ഛർദി, വയറിളക്കം, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ. ശ്വാസകോശ രോഗങ്ങളുള്ളവർക്ക് ഫ്ലൂ പെട്ടെന്നു പിടിപെടും. ശുചിത്വം പാലിക്കുക, കൈകൾ ഇടയ്ക്കിടെ ശുചിയാക്കുക, മാസ്ക് ധരിക്കുക, രോഗമുള്ളവർ സ്കൂളിലും ഓഫിസിലും പോകാതിരിക്കുക, സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക എന്നിവ ശ്രദ്ധിച്ചാൽ രോഗപ്പകർച്ച തടയാം.സമീകൃത ആഹാരമാണ് ഉത്തമം. തണുത്ത ഭക്ഷണം പൂർണമായും ഒഴിവാക്കണം. നന്നായി വിശ്രമിക്കുക, മതിയായ അളവിൽ ആഹാരം കഴിക്കുക, വെള്ളം കുടിക്കുക, ഡോക്ടറുടെ നിർദേശാനുസരണം കൃത്യമായി മരുന്ന് കഴിക്കുക. വാക്സീൻ എടുത്ത് പ്രതിരോധം ശക്തമാക്കാം. കുട്ടികൾക്ക് 6 മാസം മുതൽ ഫ്ലൂ വാക്സീൻ നൽകാം. 9 വയസ്സിനു താഴെയുള്ള കുട്ടികൾ മുൻപ് വാക്സിൻ എടുത്തിട്ടില്ലെങ്കിൽ ആദ്യ വർഷം ഒരു മാസത്തെ ഇടവേളയിൽ 2 ഡോസ് വീതം നൽകണം. 9ന് മുകളിലുള്ളവർക്ക് വർഷത്തിൽ ഒരു ഡോസ് മതി.സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കിലും ഫ്ലൂ വാക്സീൻ കിട്ടും. 18 വയസ്സിനു മുകളിലുള്ളവർക്ക് തിരഞ്ഞെടുത്ത ഫാർമസികളിൽ നിന്ന് ലഭിക്കും. ഗർഭിണികൾ, 50 വയസ്സിനുമുകളിലുള്ളവർ, രോഗപ്പകർച്ചയ്ക്കു സാധ്യതയുള്ള ആരോഗ്യപ്രവർത്തകർ, ഹജ്, ഉംറ തീർഥാടകർ, തിഖ ഹെൽത്ത് ഇൻഷൂറൻസ് കാർഡ് ഉള്ളവർ എന്നിവർക്കു സൗജന്യമാണ്. ഷാർജയിൽ അംഗപരിമിതർക്കും സൗജന്യമായി വാക്സീൻ നൽകുന്നുണ്ട്.
No Comments
Leave a Comment