യാത്രയില്‍ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി’; ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് അൽ നെയാദി
September 7, 2023

രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നും തിരിച്ചെത്തിയ ശേഷം എല്ലാവര്‍ക്കും നന്ദി അറിയിച്ച് യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി. സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവച്ച ആശംസ മണിക്കൂറുകള്‍ക്കകം വൈറലായി. രണ്ടാഴ്ചക്ക് ശേഷം നെയാദി യുഎഇയില്‍ എത്തുമെന്നാണ് കരുതുന്നത്.ആറ് മാസം നീണ്ട ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ സുല്‍ത്താന്‍ അല്‍ നെയാദി ഇപ്പോള്‍ ഭൂമിയുമായി പൊരുത്തപ്പെടുന്നതിനായി നാസയില്‍ വിവിധ പരിശോധനകള്‍ക്ക് വിധേയനാവുകയാണ്. അതിനിടയിലാണ് എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ടുളള സന്ദേശം സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്. ‘ഈ യാത്രയില്‍ എന്റെ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി. ആരോഗ്യ വാനായി ഇരിക്കുന്നു. നിങ്ങളെ എല്ലാവരെയും ഉടന്‍ കാണും’. നെയാദി എക്‌സില്‍ കുറിച്ചു.രണ്ടാഴ്ചക്ക് ശേഷം യുഎഇയില്‍ തിരിച്ചെത്താനുളള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ നെയാദി. ചരിത്ര ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തുന്ന നെയാദിക്ക് വന്‍ സ്വീകരണം ഒരുക്കാനുളള തയ്യാറെടുപ്പുകളാണ് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പെയ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്.റോഡ് ഷോ, ഭരണകര്‍ത്താക്കളുമായുളള കൂടിക്കാഴ്ച, പൊതു ജനങ്ങളും കുട്ടികളുമായുളള സംവാദം അങ്ങനെ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജന്മനാടായ അല്‍ ഐനിലും പ്രത്യക സ്വീകരണം നല്‍കും. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ബഹിരാകാശ നിലയത്തില്‍ നിന്ന് അല്‍ നെയാദിയും മറ്റ് ശാസത്രഞ്ജരും ഭൂമിയില്‍ തിരിച്ചെത്തിയത്. ബഹിരാകശ നിലയത്തില്‍ 200ഓളം പരീക്ഷണങ്ങളിലാണ് നെയാദി പങ്കാളിയായത്. ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് ചെലവഴിച്ച അറബ് വംശജന്‍ എന്ന നേട്ടത്തോടെയാണ് നെയാദി യുഎഇയില്‍ തിരിച്ചെത്തുന്നത്. അറബ് ലോകത്ത് നിന്ന് ആദ്യമായി ബഹിരാകാശത്ത് നടന്ന ചിത്രവും നെയാദിക്ക് സ്വന്തം.
No Comments
Leave a Comment