മഴയുടെ അളവ് മുൻകൂട്ടി പ്രവചിക്കും; പദ്ധതി ഉടൻ
March 22, 2023

കാലാവസ്ഥാ വ്യതിയാനം മനസ്സിലാക്കി മഴക്കെടുതി കുറയ്ക്കാൻ പുതിയ പദ്ധതി ആസൂത്രണം ചെയ്ത് യുഎഇ. മഴ വെള്ളം ശേഖരിക്കാൻ സംഭരണികൾ സ്ഥാപിച്ചിരിക്കുന്ന മേഖലകൾ കേന്ദ്രീകരിച്ചു മഴ മുന്നറിയിപ്പു നൽകും. മഴ പെയ്യുന്നതിന് 5 മണിക്കൂർ മുൻപ് അലാം മുഴങ്ങും. കൂടുതൽ അളവിൽ മഴ പെയ്യുമെങ്കിൽ പ്രദേശത്തെ ജനങ്ങളെ മാറ്റിപാർപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളെടുക്കും.പെട്ടന്നു വെള്ളം കയറി നാശമുണ്ടാകുന്നത് ഇതുവഴി കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. എത്ര അളവിൽ മഴ പെയ്യുമെന്നു മുൻകൂട്ടി അറിയാനുള്ള സംവിധാനം കാലാവസ്ഥ വകുപ്പിനുണ്ട്. മുൻ വർഷങ്ങളിൽ പെയ്ത മഴയിൽ സംഭവിച്ച നാശനഷ്ടങ്ങൾ വിലയിരുത്തിയാകും രക്ഷാപ്രവർത്തനം തീരുമാനിക്കുക. വാദികൾ നിറഞ്ഞൊഴുകുന്നതും മലവെള്ളപ്പാച്ചിലുമാണ് രാജ്യത്തെ പ്രളയ ദുരന്തങ്ങളിലധികവും.മിന്നൽ പ്രളയത്തിൽ പലപ്പോഴും റോഡുകൾ മുങ്ങുന്നതും ഗതാഗതം ദുഷ്കരമാകുന്നതും വീടുകളിൽ വെള്ളം കയറുന്നതും മുൻ വർഷത്തെ അനുഭവങ്ങളിൽ നിന്നു പഠിച്ച പാഠങ്ങളാണ്. 5 മണിക്കൂർ മുൻപേ മഴയും അളവും പ്രവചിക്കാനായാൽ ഒരു പരിധിവരെ മുന്നൊരുക്കങ്ങൾ കുറ്റമറ്റ രീതിയിൽ ചെയ്യാനാകും. കഴിഞ്ഞ വർഷം 230 മില്ലിമീറ്റർ മഴയാണ് ചില മേഖലകളിൽ ലഭിച്ചത്.40 മിമീ മഴ ഉൾക്കൊള്ളാൻ വ്യാപ്തിയുള്ള മേഖലകളിൽ ഇത്രയധികം മഴ ലഭിച്ചത് പ്രളയക്കെടുതികൾ രൂക്ഷമാക്കി. മഴയുടെ തോതിൽ ഓരോ വർഷവും വർധനയുണ്ട്. 10 വർഷം കൊണ്ട് പത്തിരട്ടി മഴ അധികമായി ലഭിച്ചു.ചെറുതും വലുതുമായ 103 ജലസംഭരണികളും വാട്ടർ കനാലുകളും ഊർജ അടിസ്ഥാന വികസന മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ്. ഈ മേഖലകളിലെല്ലാം ആധുനിക ക്യാമറകൾ ഘടിപ്പിച്ച് അണക്കെട്ടുകളുടെ പ്രവർത്തനം മുഴുവൻ സമയവും നിരീക്ഷിക്കുകയാണെന്നു മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂഇ അറിയിച്ചു.
No Comments
Leave a Comment