പുതുക്കിയ പാസ്പോർട്ടിലെ യാത്രക്ക് ഇനി മുൻകൂർ അനുമതി വേണ്ട
August 4, 2022

നാട്ടിൽ പാസ്പോർട്ട് പുതുക്കിയ റെസിഡൻറ് വിസക്കാർക്ക് യു.എ.ഇയിലേക്ക് തിരിച്ചുവരാൻ മുൻകൂർ അനുമതി വേണമെന്ന നിബന്ധന ഒഴിവാക്കി. കോവിഡ് കാലത്താണ് ഇത്തരമൊരു നിബന്ധന നിലവിൽവന്നത്. യു.എ.ഇയിൽ താമസവിസയുള്ളവർ നാട്ടിലെത്തി പാസ്പോർട്ട് പുതുക്കുമ്പോൾ അവർ തിരിച്ചു യാത്രചെയ്യുന്നത് പുതിയ പാസ്പോർട്ടിലായിരിക്കും. എന്നാൽ, വിസ പതിച്ചിരിക്കുന്നത് പഴയ പാസ്പോർട്ടിലും. നാട്ടിലെ വിമാനത്താവളത്തിൽ ഈ രണ്ട് പാസ്പോർട്ടും ഒന്നിച്ചുണിച്ച് യു.എ.ഇയിലേക്ക് തിരിച്ചുവരുന്നതിന് നേരത്തേ തടസ്സമുണ്ടായിരുന്നില്ല. പുതിയ പാസ്പോർട്ട് വിവരങ്ങൾ നാട്ടിലെ വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിൽനിന്ന് തന്നെ യു.എ.ഇക്ക് കൈമാറി അപ്ഡേറ്റ് ചെയ്യാൻ സൗകര്യമുണ്ടായിരുന്നു. എന്നാൽ, കോവിഡ് കാലത്ത് പുതുക്കിയ പാസ്പോർട്ടുമായി യാത്ര നടത്തുന്നവർ പലപ്പോഴും നാട്ടിലെ വിമാനത്താവളത്തിൽ കുടുങ്ങുന്ന സാഹചര്യമുണ്ടായി. വിസ പഴയ പാസ്പോർട്ടിൽ പതിച്ചിരിക്കുന്നവർ യു.എ.ഇയിലെ ഐ.സി.എയുടെയോ ജി.ഡി.ആർ.എഫ്.എയുടെയോ മുൻകൂർ അനുമതി നേടിയിരിക്കണമെന്ന് വിമാനക്കമ്പനികൾ നിബന്ധനവെച്ചു. ഈ നിയന്ത്രണമാണ് ഇപ്പോൾ ഒഴിവാക്കിയത്.
No Comments
Leave a Comment