ദുബൈ ഐലൻഡുകളെ ബർദുബൈയുമായി ബന്ധിപ്പിച്ച് പാലം
September 20, 2023

ദുബൈ എമിറേറ്റിലെ ബർദുബൈ പ്രദേശത്തെ ദുബൈ ഐലൻഡുകളുമായി ബന്ധിപ്പിക്കുന്നതിന് പാലം നിർമിക്കും.അൽഷിന്ദഗ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായ നിർമാണത്തിന് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യും പ്രമുഖ റിയൽ എസ്റ്റേറ്റ് നിർമാതാക്കളായ നഖീലും കരാറിലെത്തി. ദുബൈ ഐലൻഡുകളിൽനിന്ന് ബർദുബൈയിലേക്ക് നേരിട്ട് പ്രവേശിക്കാനും മടങ്ങാനും സാധിക്കുന്ന രീതിയിലാണ് പാലങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ ഭാഗത്തേക്കും നാലുവരിയുള്ള പാലമാണ് നിർമിക്കുക.ആർ.ടി.എ ബോർഡ് ഓഫ് എക്സിക്യൂട്ടിവ് ഡയറക്ടേഴ്സ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായറും നഖീൽ ബോർഡ് ഓഫ് എക്സിക്യൂട്ടിവ് ഡയറക്ടേഴ്സ് ചെയർമാൻ മുഹമ്മദ് ഇബ്രാഹീം അൽ ശൈബാനിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇൻഫിനിറ്റി ബ്രിഡ്ജിനും പോർട്ട് റാശിദ് വികസന പദ്ധതിക്കും ഇടയിൽ ദുബൈ ക്രീക്കിന് കുറുകെയാണ് പാലം നിർമിക്കുക. 1425 മീറ്റർ നീളത്തിൽ നിർമിക്കുന്ന പാലങ്ങളിൽ ഇരു വശങ്ങളിലേക്കുമായി 16,000 വാഹനങ്ങൾക്ക് മണിക്കൂറിൽ സഞ്ചരിക്കാനാവും. ദുബൈ ക്രീക്കിന്റെ ജലനിരപ്പിന് 15.5 മീറ്റർ മുകളിലായാണ് പാലം സ്ഥിതിചെയ്യുക.
No Comments
Leave a Comment