ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സോളാർ പാർക്കിന്റെ ആറാം ഘട്ടത്തിന് കരാറായി
September 12, 2023

ലോകത്തിലെ ഏറ്റവും വലിയ സോളാർ വൈദ്യുത പദ്ധതിയായ ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സോളാർ പാർക്കിന്റെ ആറാം ഘട്ടത്തിന് കരാറായി. 550 കോടി ദിർഹമിന്റെ കരാറാണ് ഒപ്പിട്ടത്. അഞ്ച് ലക്ഷം കുടുംബങ്ങളിലേക്ക് സൗരോർജം എത്തിക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതിയുടെ ആറാംഘട്ടം.ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും അബൂദബിയിലെ ഭാവി ഊർജ സ്ഥാപനമായ മസ്ദാറും തമ്മിലാണ് കരാർ ഒപ്പിട്ടത്. 18,00 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് പാർക്കിന്റെ ആറാം ഘട്ടം. ഫോട്ടോവേൾടെക് സോളാർ പാനലായിരിക്കും ഇതിന് ഉപയോഗിക്കുക.ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻറെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ദേവയും മസ്ദറും നിർമാണകരാറിൽ ഒപ്പുവെച്ചത്. ആറാം ഘട്ടം പൂർത്തിയാവുന്നതോടെ വർഷം 2.36 ദശലക്ഷം ടൺ കാർബൺ അന്തരീക്ഷത്തിലെത്തുന്നത് തടയാനാകും.നിലവിൽ നിർമാണം പൂർത്തിയായ ഘട്ടങ്ങളിൽ നിന്ന് 2,427 മെഗാവാട്ട് സൗരോർജം ഉൽപാദിപ്പിക്കുന്നുണ്ട്. ആറാം ഘട്ടം പൂർത്തിയാവുന്നതോടെ ഇത് 4,660 മെഗാവാട്ടിലെത്തും. 2030 ഓടെ പദ്ധതിയുടെ ആറു ഘട്ടവും പൂർത്തിയാക്കും. 5000 കോടി ദിർഹമാണ് മൊത്തം നിക്ഷേപം പ്രതീക്ഷിക്കുന്നത്. 2050 ഓടെ ദുബൈയിലെ ഊർജ സ്രോതസുകൾ 100 ശതമാനം ശുദ്ധോർജത്തിലേക്ക് മാറ്റുകയെന്നതാണ് ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
No Comments
Leave a Comment