ദുബായ് നഗര സൗന്ദര്യവല്കരണം
September 28, 2023

ദുബായ് നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി റൗണ്ട് എബൗട്ടുകൾക്ക് പുതിയ മുഖശ്രീയൊരുക്കി ദുബായ് മുനിസിപ്പാലിറ്റി. എമിറേറ്റിലെ 4 റൗണ്ട് എബൗട്ടുകളാണ് പുതിയ ഡിസൈനിൽ മോടിപിടിപ്പിച്ചത്. ആർട്ട് ഇൻ പബ്ലിക് പ്ലേസ് പ്രമേയത്തിലാണ് നവീകരണം. അൽറഖ, നാദ് അൽ ഷെബ റൗണ്ട്, നാദ് അൽഹമർ, അൽഖവാനീജ് എന്നീ റൗണ്ട് എബൗട്ടുകളാണ് കാലോചിതമായി പരിഷ്കരിച്ചത്. ഓരോ പ്രദേശത്തിനും അനുയോജ്യമായ ഡിസൈനിൽ ഹരിതാഭ നിറച്ചത് റൗണ്ട് എബൗട്ടുകളെ ആകർഷകമാക്കി.
ദുബായിലെ റൗണ്ട് എബൗട്ടുകളെ തുറന്ന കലാ പ്രദർശന കേന്ദ്രമാക്കി മാറ്റുന്നതോടെ കലാസാംസ്കാരിക പൈതൃകമുള്ള ആഗോള നഗരമെന്ന ഖ്യാതി വർധിപ്പിക്കാൻ സാധിക്കുമെന്ന് നഗരസഭ അഭിപ്രായപ്പെട്ടു.പ്രദേശത്തിന്റെ പേരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അൽ-വർഖ റൗണ്ട് എബൗട്ടിന്റെ പുതിയ ഡിസൈൻ. വളയത്തെ വലയം ചെയ്യുന്ന പക്ഷിയുടെ മാതൃകയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നാദ് അൽ ഹമർ സമീപത്തെ ചുവന്ന മൺകൂനകളുടെ രൂപരേഖയെ പ്രതിഫലിപ്പിക്കുന്നു. 1.9 മുതൽ 2.9 മീറ്റർ വരെ ഉയരമുള്ള ഈ ഡിസൈൻ നാദ് അൽ-ഹമർ ഗാർഡന്റെ ഭംഗി വിളിച്ചോതുന്നു.നാദ് അൽ ഷെബയുടെ റൗണ്ട് എബൗട്ടിൽ സമുദ്ര തിരമാലകളുടെ താളാത്മക മാതൃക പ്രതിഫലിപ്പിക്കുന്നു. മരുഭൂമിയിലെ കാർഷിക പൈതൃകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ഫാമും വ്യാപാരവും സാംസ്കാരിക രീതികളും അൽഖവാനീജ് റൗണ്ട്എബൗട്ടിനെ സവിശേഷമാക്കുന്നു. ചെടികളും പൂക്കളും ആർട്ട് ഇൻസ്റ്റലേഷനും റൗണ്ട് എബൗട്ടുകളെ കൂടുതൽ സുന്ദരമാക്കി.
No Comments
Leave a Comment