തൊഴിൽ ദിവസങ്ങളിലെ മാറ്റം വാഹനാപകടങ്ങൾ കുറച്ചു
August 10, 2022

ഷാർജ എമിറേറ്റിലെ പ്രവൃത്തിദിവസങ്ങളിൽ വന്ന മാറ്റം വാഹനാപകടങ്ങൾ കുറയാനും ജീവനക്കാരുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സഹായകരമായെന്ന് ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ യോഗത്തിൽ വിലയിരുത്തൽ. മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ മൂന്നുമാസങ്ങളിൽ വാഹനാപകടങ്ങളും മരണങ്ങളും 40 ശതമാനം കുറഞ്ഞിട്ടുണ്ട്.ഷാർജയിൽ സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആഴ്ചയിൽ നാലുപ്രവൃത്തി ദിനങ്ങളാണ് നിലവിലുള്ളത്. ഒട്ടേെറ സ്വകാര്യ സ്ഥാപനങ്ങളിലും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അവധിയാണ്.പ്രവൃത്തിദിവസങ്ങളിലെ മാറ്റം കാരണം ജീവനക്കാരുടെ ആത്മാർഥത, ഉത്പ്പാദനക്ഷമത, കാര്യക്ഷമത, വേഗം എന്നിവ മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. ഷാർജ എക്സിക്യൂട്ടീവ് കൗൺസിലിന്റെ യോഗത്തിൽ അവതരിപ്പിച്ച ഗവേഷണ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനോടൊപ്പം അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും പുതിയ വാരാന്ത്യക്രമം സഹായകരമായിട്ടുണ്ട്.സർക്കാർ ഏജൻസികളിൽ സാമ്പത്തിക ഇടപാടുകൾ മെച്ചപ്പെടുത്താനും പുതിയ തൊഴിൽ സമ്പ്രദായം ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് പഠനത്തിൽ പറയുന്നു. പോലീസ്, പരിസ്ഥിതി, സാമ്പത്തികം തുടങ്ങിയ വിവിധ മേഖലകളെ കേന്ദ്രീകരിച്ചാണ് കൗൺസിൽ ഗവേഷണം നടത്തിയത്. ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിലിൽ, പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് ഷാർജയുടെ പുരോഗതി ഊർജ്വസ്വലമാക്കാൻ പഠനം തുടരാൻ നിർദേശിച്ചിട്ടുണ്ട്.
No Comments
Leave a Comment