തൊഴിൽനഷ്ട ഇൻഷുറൻസ് നിർബന്ധം ഒക്ടോബറിന് മുൻപ് ചേർന്നില്ലെങ്കിൽ പിഴ
September 22, 2023

തൊഴിൽനഷ്ട ഇൻഷുറൻസിൽ റജിസ്റ്റർ ചെയ്യാനുള്ള സമയപരിധി അവസാനിക്കാൻ 10 ദിവസം മാത്രം. ഒക്ടോബർ ഒന്നിനു മുൻപ് ഇൻഷുറൻസ് എടുത്ത് പരിരക്ഷ ഉറപ്പാക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ആവശ്യപ്പെട്ടു. നിയമലംഘകർക്ക് 400 ദിർഹം (9061 രൂപ) പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്.തൊഴിൽ വിപണി കരുത്തുറ്റതാക്കാനും ജോലി നഷ്ടപ്പെട്ട കാലയളവിലും കുടുംബവുമൊത്ത് മാന്യമായി ജീവിക്കാമുള്ള വരുമാനത്തിനും വേണ്ടിയാണ് തൊഴിൽ നഷ്ട ഇൻഷുറൻസ് ഏർപ്പെടുത്തിയതെന്ന് മന്ത്രാലയം വിശദീകരിച്ചു. മറ്റൊരു ജോലി കണ്ടെത്താനും സാവകാശം ലഭിക്കും.ഇൻഷുറൻസിൽ ചേരേണ്ടതും തുക അടയ്ക്കേണ്ടതും തൊഴിലാളികളുടെ ഉത്തരവാദിത്തമാണ്. എന്നാൽ ജീവനക്കാർക്കുവേണ്ടി കമ്പനി ഉടമകൾക്കുതന്നെ റജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനായി കമ്പനിക്കു ഒരു സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ല.പ്രതിമാസ ശമ്പളം 16,000 ദിർഹത്തിൽ കുറവ് ആണെങ്കിൽ മാസത്തിൽ 5 ദിർഹവും കൂടുതൽ ആണെങ്കിൽ 10 ദിർഹവുമാണ് ഇൻഷുറൻസ് പ്രീമിയം. ജീവനക്കാരന്റെ സൗകര്യം അനുസരിച്ച് മാസത്തിലോ 3, 6, 12 മാസത്തിൽ ഒരിക്കൽ ഒന്നിച്ചോ പ്രീമിയം തുക അടയ്ക്കാം. ജോലി നഷ്ടപ്പെട്ടാൽ അടിസ്ഥാന ശമ്പളത്തിന്റെ 60% തുക നഷ്ടപരിഹാരമായി 3 മാസത്തേക്കു ലഭിക്കും. ആദ്യ പദ്ധതിയിൽ ചേർന്നവർക്ക് മാസത്തിൽ 10,000 ദിർഹത്തിൽ കൂടാത്ത തുകയും രണ്ടാമത്തെ വിഭാഗത്തിലുള്ളവർക്ക് 20,000 ദിർഹത്തിൽ കൂടാത്ത തുകയുമാണ് ലഭിക്കുക. ഇൻഷുറൻസ് കമ്പനിയുടെ ഇ–പോർട്ടൽ (www.iloe.ae) വഴിയോ സ്മാർട് ആപ്ലിക്കേഷൻ (ILOE) വഴിയോ അപേക്ഷ നൽകാം. ബാങ്ക് സ്മാർട്ട് ഫോൺ ആപ്ലിക്കേഷനുകൾ, കിയോസ്‌ക് മെഷീനുകൾ, ബിസിനസ് സർവീസ് സെന്ററുകൾ, മണി എക്‌സ്‌ചേഞ്ചുകൾ എന്നിവ മുഖേനയും അപേക്ഷിക്കാം.
No Comments
Leave a Comment