ടൂറിസം മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം: ലോകത്ത് ദുബായ് ഒന്നാമത്
July 18, 2022
ടൂറിസം മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പദ്ധതികളിൽ (എഫ്ഡിഐ) ദുബായ് ഒന്നാം സ്ഥാനം നിലനിർത്തി. 2021ൽ 30 വ്യത്യസ്ത പദ്ധതികളിലൂടെ 6.4 ബില്യൺ ദിർഹമാണ് ദുബായ് ടൂറിസം മേഖലയിലെ എഫ്ഡിഐയിലൂടെ നേടിയത്. ലോകം ഈ മേഖലയിൽ വലിയ വെല്ലുവിളി നേരിടുമ്പോഴാണ് ദുബായിയുടെ ഈ വലിയ നേട്ടമെന്ന് ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. അതിനു പിന്നിൽ ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മികച്ച നേതൃത്വവും ദീർഘവീക്ഷണവുമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര നിക്ഷേപകർക്ക് സ്ഥിരമായി നിക്ഷേപങ്ങൾ നടത്താനും അതിൽ നിന്നും തിരിച്ചു കിട്ടാനും സാധിക്കുന്നത് വലിയ ധൈര്യം നൽകുന്നതാണ്. തുടർന്നും വ്യവസായ സൗഹൃദ നടപടികൾ ദുബായ് തുടരും. ലോകത്ത് എഫ്ഡിഐയുടെ മുൻനിരയിൽ എന്നും ദുബായ് ഉണ്ടാകുമെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തുവന്ന സാമ്പത്തിക സേവന മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പദ്ധതികളിലും ദുബായ് ലോകത്ത് ഏറ്റവും മുന്നിലായിരുന്നു. ലണ്ടൻ, സിംഗപ്പൂർ, ന്യൂയോർക്ക്, പാരിസ് എന്നിവയെ പിന്നിലാക്കിയാണ് ദുബായ് ഈ നേട്ടം കൈവരിച്ചത്.
No Comments
Leave a Comment