ജി.സി.സി റെയിൽപദ്ധതി സാധ്യത, ട്രാഫിക് പഠനം പൂർത്തിയായി
May 26, 2023

ഗൾഫ് രാജ്യങ്ങളിലെ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമാകുന്ന ജി.സി.സി റെയിൽവെ പദ്ധതിയുടെ സാധ്യത, ട്രാഫിക് പഠനങ്ങൾ പൂർത്തിയായതായി വെളിപ്പെടുത്തൽ. അബൂദബിയിൽ നടന്ന മിഡിലീസ്റ്റ് റെയിൽ എക്സിബിഷനിൽ പങ്കെടുത്ത ജി.സി.സി റെയിൽവേ വിദഗ്ധനായ നാസർ അൽ കഹ്താനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആറു രാജ്യങ്ങളിലൂടെ കടന്നുപോവുന്ന 2117 കി.മീറ്റർ നീളത്തിൽ നിർമിക്കുന്ന റെയിൽപാത പ്രധാന നഗരങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന രീതിയിലാണ് വിഭാവന ചെയ്തിട്ടുള്ളത്.ജി.സി.സി റെയിൽ പദ്ധതി പൂർത്തിയാക്കുന്നതിന് രൂപപ്പെടുത്തിയ അതോറിറ്റി എല്ലാ രാജ്യങ്ങളിലും നടക്കുന്ന റെയിൽ പദ്ധതികൾ നിരീക്ഷിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ടെന്ന് നാസർ അൽ കഹ്താനി പറഞ്ഞു. റെയിൽ വികസന രംഗത്ത് യു.എ.ഇയും സൗദിയുമാണ് ഏറ്റവും സജീവമായി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.2009ലാണ് കുവൈത്തിൽനിന്ന് ആരംഭിച്ച് സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിലേക്ക് നീളുകയും ഒടുവിൽ ഒമാനിലെ സുഹാർ തുറമുഖത്ത് അവസാനിക്കുകയും ചെയ്യുന്ന രീതിയിൽ ജി.സി.സി പാത നിർദേശിക്കപ്പെട്ടത്. നീണ്ട പത്തുവർഷത്തെ പഠനത്തിന് ശേഷം 2021 ഡിസംബറിൽ ജി.സി.സി റെയിൽ അതോറിറ്റി രൂപവത്കരിക്കുകയും ചെയ്തു. ജി.സി.സി റെയിൽ പദ്ധതിയിൽ ഓരോ രാജ്യങ്ങളും സ്വന്തം ഭാഗം പൂർത്തിയാക്കുകയും പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യാനാണ് ആലോചിക്കുന്നത്.50 ബില്യൺ ദിർഹം ചെലവ് വകയിരുത്തിയ ഇത്തിഹാദ് റെയിൽ പദ്ധതി യു.എ.ഇ ഈ വർഷം നിർമാണം പൂർത്തിയാക്കിയിരുന്നു. ഇതുവഴി ദുബൈയിൽനിന്ന് അബൂദബിയിലേക്ക് 50 മിനിറ്റിലും അബൂദബിയിൽനിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും എത്തിച്ചേരാനാകും. 1200 കിലോമീറ്റർ നീളത്തിൽ ഏഴ് എമിറേറ്റുകളിലെ 11 സുപ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് റെയിൽ പദ്ധതി കടന്നുപോകുന്നത്.സൗദി അതിർത്തിയിലെ സില മുതൽ രാജ്യത്തിന്റെ കിഴക്കൻ തീരദേശമായ ഫുജൈറ വരെ നീണ്ടുനിൽക്കുന്നതാണ് റെയിൽ. 2030ഓടെ വർഷം 3.65 കോടി യാത്രക്കാർ ഇത്തിഹാദ് റെയിൽ വഴി സഞ്ചരിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത്തിഹാദ് റെയിലിനെ ഒമാനിലെ സുഹാർ തുറമുഖവുമായി ബന്ധിപ്പിക്കുന്ന പാത നിർമിക്കാനുള്ള മുന്നൊരുക്കങ്ങളും നടന്നു വരുകയാണ്.
No Comments
Leave a Comment