കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കി ജിഡിആർഎഫ്‌എയുടെ വിഡിയോ കോൾ സർവീസസ്
May 22, 2023

വീസ സേവനങ്ങൾക്കായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് (ജിഡിആർഎഫ്‌എ) ആരംഭിച്ച വിഡിയോ കോൾ സർവീസസ് കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കി. വിഷ്വൽ കമ്മ്യൂണിക്കേഷൻ സർവീസസ് എന്ന പേരിലുള്ള ഈ സേവനം എമിഗ്രേഷൻ ഓഫിസുകൾ സന്ദർശിക്കാതെ തന്നെ വ്യക്തികളെ ഉദ്യോഗസ്ഥരുമായി വിഡിയോ കോളുകളിലൂടെ ബന്ധപ്പെടാൻ അനുവദിക്കുകയും അവരുടെ വീസ പ്രശ്‌നങ്ങൾ വേഗത്തിലും കാര്യക്ഷമതയോടെയും പരിഹരിക്കാനും സഹായിക്കുന്നു. ഇത്തരത്തിൽ ദുബായിൽ അപേക്ഷിച്ച സേവനങ്ങളുടെ നില അറിയുവാനും രേഖകളിലെ ന്യൂനതകൾ പരിഹരിക്കാനും വിഡിയോ കോൾ സേവനം ഉപയോക്താക്കളെ ഏറെ സഹായിക്കുന്നുവെന്ന് വകുപ്പ് അറിയിച്ചു. ഇടപാടുകൾ സുഗമമാക്കുന്നതിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ വിഡിയോ കോളിങ് സേവനം ലക്ഷ്യമിടുന്നുവെന്ന് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു.
വിഡിയോ കോൾ സേവനം ലഭ്യമാക്കുന്നതിന് ജിഡിആർഎഫ്എ വെബ്സൈറ്റ് സന്ദർശിച്ച് വിഡിയോ കോൾ ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്. പേര്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, എമിറേറ്റ്‌സ് ഐഡി അല്ലെങ്കിൽ പാസ്‌പോർട്ട് വിവരങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ നൽകണം. തുടർന്ന് സേവനത്തിന്റെ തരം വ്യക്തമാക്കുകയും ചെയ്തുകഴിഞ്ഞാൽ ഉപയോക്താക്കൾക്ക് വിഡിയോ വഴി ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ സാധിക്കും.
വിഡിയോ കോൾ ഇപ്പോൾ വകുപ്പിന്റെ ഓഫിസ് സമയത്തിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഭാവിയിൽ 24/7 മണിക്കൂറും സേവനങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതിയുണ്ട് . അതിനിടയിൽ വിഡിയോ കോൾ സർവീസസ് ലോഞ്ച് ചെയ്‌തതുമുതൽ, സേവനം പ്രതീക്ഷകളെ മറികടന്ന് ഗണ്യമായ വിജയം നേടി. ആദ്യ രണ്ട് മാസത്തിനുള്ളിൽ മാത്രം 2,50,000 വിഡിയോ കോൾ സേവനങ്ങൾ വിജയകരമായി പൂർത്തിയാക്കി യെന്ന് അൽ മർറി വ്യക്തമാക്കി. വിഡിയോ കോൾ സേവനം എന്നത് വിവിധ അപേക്ഷകളുടെ മേൽ പരിഹാരം കാണുവാനുള്ളതാണ്. എന്നാൽ വീസ സംബന്ധമായ ഏത് അന്വേഷണങ്ങൾക്കും 8005111 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാം.
No Comments
Leave a Comment