ഇന്ത്യ– ഖത്തർ വ്യാപാരത്തിൽ 33 ശതമാനം വർധന
February 1, 2023

ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 1,800 കോടി യുഎസ് ഡോളർ കടന്നു. വർഷാടിസ്ഥാനത്തിൽ 33 ശതമാനം വർധനയെന്ന് ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തൽ. കഴിഞ്ഞ വർഷത്തെ കണക്കാണിത്. 2021നെ അപേക്ഷിച്ച് 33 ശതമാനമാണ് 2022ലെ വ്യാപാര വർധന. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം കൂടുതൽ ശക്തിപ്പെടുകയാണെന്നു സ്ഥാനപതി വ്യക്തമാക്കി. ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ലുലു ഗ്രൂപ്പിന്റെ ഇന്ത്യ ഉത്സവ് 2023 ൽ പങ്കെടുക്കവേയാണ് ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിന്റെ വളർച്ച വിശദമാക്കിയത്. ഖത്തറിന്റെ വ്യാപാര രാജ്യങ്ങളിൽ ആദ്യ അഞ്ചിൽ ആണ് ഇന്ത്യയുടെ സ്ഥാനം.ഖത്തറുമായുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരും. ഇന്ത്യയുടെ ഊർജ സുരക്ഷയുടെ സ്ഥിരവും വിശ്വസ്തവുമായ പങ്കാളിയാണ് ഖത്തർ. ഊർജ മിശ്രിതം വൈവിധ്യവൽക്കരിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.ഇന്ത്യയുടെ വാതക ഉപഭോഗം വർധിപ്പിക്കാൻ വാതകാധിഷ്ഠിത അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഖത്തറുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിയും. ഊർജ മേഖലയിൽ മാത്രമല്ല ഭക്ഷ്യ, ആരോഗ്യ മേഖലകളിലും ഇൻഫർമേഷൻ ടെക്‌നോളജി, ആർട്ടിഫിഷൽ ഇന്റലിജൻസ്, വിദ്യാഭ്യാസം തുടങ്ങിയവയിലും ഖത്തറുമായി സഹകരിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും സ്ഥാനപതി ഡോ.ദീപക് മിത്തൽ വ്യക്തമാക്കി.
No Comments
Leave a Comment