ആദ്യ പ്രഭാഷണത്തിൽ പ്രവാസി സമൂഹത്തെയും പരാമർശിച്ച് ശൈഖ് മുഹമ്മദ്
July 14, 2022
യു.എ.ഇ. കെട്ടിപ്പടുക്കുന്നതിലും വികസിപ്പിക്കുന്നതിലും പ്രവാസികൾ നൽകുന്ന തുടർച്ചയായ സംഭാവനകൾ ഏറെ വിലപ്പെട്ടതാണെന്ന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യു.എ.ഇ.പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് രണ്ടുമാസത്തിനുശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇ. രൂപവത്കരണംമുതൽ ഇതുവരെ രാജ്യത്തെ രണ്ടാംഭവനമായി കണക്കാക്കുന്ന പ്രവാസികൾ നൽകിയ സംഭാവനകളെ അഭിനന്ദിക്കുന്നു.രാജ്യ വികസനത്തിൽ പ്രവാസികൾക്ക് ക്രിയാത്മകമായ പങ്കുണ്ട്. ലോകത്ത് മുൻനിരയിലുള്ള സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും ആഗോളതലത്തിൽ മത്സരശേഷി വർധിപ്പിക്കുന്നതിനും സമ്പദ്വ്യവസ്ഥയിൽ വൈവിധ്യവത്കരണം അത്യാവശ്യമാണ്.മതം, വംശം, സംസ്കാരം എന്നിവ പരിഗണിക്കാതെ ലോകം മുഴുവൻ സഹായം നൽകുന്നതും ലോകരാഷ്ട്രങ്ങളുമായുള്ള സൗഹൃദവും സഹകരണവും തുടരും. പുതുതലമുറകൾക്ക് ശോഭനമായ ഭാവി കൈവരിക്കുകയാണ് ആത്യന്തികമായ ലക്ഷ്യം. രാജ്യത്തെ പൗരന്മാരുടെ ശാക്തീകരണം പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. സ്ഥാപക പിതാക്കന്മാരുടെ പാത പിന്തുടരുകതന്നെ ചെയ്യും. യൂണിയന് മുമ്പും ശേഷവും ഏറ്റവും പ്രയാസകരമായ സമയങ്ങളിൽപ്പോലും വെല്ലുവിളികളെ അതിജീവിച്ച് ഒരുരാഷ്ട്രം കെട്ടിപ്പടുത്തവരിൽ അഭിമാനമുണ്ട്. പൗരന്മാർക്ക് സന്തുഷ്ടമായ ജീവിതം നയിക്കാൻ ആവശ്യമായതെല്ലാം ഉണ്ടെന്നുറപ്പാക്കും.രാജ്യത്തെ വിശ്വസ്തരായ ഇമിറാത്തി പൗരന്മാരിൽ അഭിമാനിക്കുന്നുവെന്നും ബുധനാഴ്ച പ്രാദേശികസമയം വൈകീട്ട് ആറുമണിക്ക് നടത്തിയ വെർച്വൽ പ്രസംഗത്തിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിശദീകരിച്ചു.ശൈഖ് ഖലീഫയ്ക്കും സ്ഥാപക പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും ആദരമർപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം പ്രസംഗം തുടങ്ങിയത്. യു.എ.ഇ.യിലെ പ്രാദേശിക ടെലിവിഷൻ ചാനലുകളും റേഡിയോ ചാനലുകളും പ്രസംഗം തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു
No Comments
Leave a Comment