അനുമതിയില്ലാതെ മക്കയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക്
May 17, 2023

ഹജ്ജിനു മുന്നോടിയായുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി അനുമതി പത്രമില്ലാതെ മക്കയിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പ്രാബല്യത്തിലായി. ഈ വിലക്ക്. മക്ക പ്രവേശന കവാടത്തില്‍ ഇന്നു മുതൽ കര്‍ശന പരിശോധനയുണ്ടാകും. മക്കയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന താമസക്കാർക്ക് യോഗ്യതയുള്ള അധികാരികളിൽ നിന്ന് പെർമിറ്റ് നേടേണ്ടതുണ്ട്. തിങ്കളാഴ്‌ച മുതൽ അനുമതി ഇല്ലാത്ത താമസക്കാരെ മക്കയിലേക്ക് പ്രവേശിക്കുന്നത് തടയും.മക്ക ഇഖാമയില്ലാത്തവരെയും പ്രത്യേക അനുമതി പത്രമില്ലാത്തവരെയും പ്രവേശന കവാടത്തില്‍വച്ച് പിടികൂടുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. കാറുകളും ബസുകളും ട്രെയിനുകളും തുടങ്ങി ഏത് വാഹനങ്ങളിലൂടെയും മക്കയില്‍ പ്രവേശിക്കുന്നവര്‍ക്ക് വിലക്ക് ബാധകമാണ്.ഗാർഹിക തൊഴിലാളികൾ, സൗദി ഇതര കുടുംബാംഗങ്ങൾ, മക്ക ആസ്ഥാനമായുള്ള സ്ഥാപനങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾ, സീസണൽ വർക്ക് വീസ ഉടമകൾ എന്നിവർക്കായി പ്രവേശന പെർമിറ്റുകൾ ഇലക്ട്രോണിക് രീതിയിൽ നൽകുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് ആരംഭിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് അറിയിച്ചു. വിലക്കുള്ള കാലത്ത് ജോലി ആവശ്യാര്‍ഥം മക്കയില്‍ പ്രവേശിക്കുന്നതിന് വിദേശികള്‍ ജവാസാത്ത് ഡയറക്ടറേറ്റില്‍നിന്ന് പ്രത്യേക അനുമതി പത്രം നേടിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ജോലി ചെയ്യുന്ന സ്ഥാപനം മുഖേനെയാണ് അനുമതി പത്രം നേടേണ്ടത്. അടുത്തയാഴ്ച മുതല്‍ വിദേശ ഹാജിമാര്‍ മക്കയില്‍ എത്തുന്നതോടെ പരിശോധന കര്‍ശനമാക്കും. അനധികൃതമായി മക്കയില്‍ പ്രവേശിച്ചു ഹജ്ജില്‍ പങ്കെടുക്കുന്നത് തടയുകയും ഹാജിമാരുടെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് തടയുകയുമാണ് ലക്ഷ്യം. അനധികൃതമായി കടക്കുന്നവരെ പിടികൂടി നാടുകടത്തും.
No Comments
Leave a Comment